Connect with us

Malappuram

മുഖ്യമന്ത്രിക്ക് ക്ഷൗരം ചെയ്യാന്‍ കേന്ദ്രമന്ത്രിമാര്‍ വരേണ്ട: പി സി ജോര്‍ജ്

Published

|

Last Updated

തിരൂര്‍: റബ്ബര്‍ ഇറക്കുമതി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുഖത്ത് ക്ഷൗരം ചെയ്യാന്‍ കേന്ദ്രമന്ത്രിമാര്‍ വരേണ്ടന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ് സംഘടിപ്പിച്ച “ജനാധിപത്യ സമൂഹവും മാധ്യമ സുരക്ഷയും” സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമ നിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്വയം ശുദ്ധീകരണത്തിന് എല്ലാ പാര്‍ട്ടികളും തയാറാകണമെന്ന സന്ദേശമാണ് ദല്‍ഹി തെരഞ്ഞെടുപ്പ് നല്‍കുന്നത്. കേരളത്തിലെ വോട്ടര്‍മാര്‍ ചൂലെടുത്ത് ശുദ്ധീകരിക്കാന്‍ ഇറങ്ങിയാല്‍ എല്ലാ പാര്‍ട്ടികളിലെയും നേതാക്കള്‍ അടി കൊള്ളേണ്ടി വരും. രണ്ടര ലക്ഷം ടണ്‍ റബ്ബര്‍ ഇറക്കുമതിയിലൂടെ പി ചിദംബരം കേരളത്തിന് നഷ്ടപ്പെടുത്തിയത് 6000കോടി രൂപയാണ്. ഈ പണം കുത്തകകളുടെ കൈയിലാണ് എത്തിപ്പെട്ടത്.
മതങ്ങളും ജാതീയ സംഘഭടനകളും വരെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കാലമാണിത്. രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് തടയിടുന്നതും രാജ്യം ശിഥിലമാകാതിരിക്കാന്‍ സഹായിക്കുന്നതും മാധ്യമങ്ങളാണ്. ബാബരി മസ്ജിദ് തകര്‍ത്ത വേളയിലും മാറാട് കലാപത്തിലും മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ വിസ്മരിക്കാനാകാത്തതാണ്. ഇന്ത്യയില്‍ ഒരു പോറലുമേല്‍ക്കാതെ ജനാധിപത്യം നിലനില്‍ക്കുന്നത് മാധ്യമങ്ങളുടെ ഇടപെല്‍ ഉള്ളതിനാലാണ്.
മാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്ത് സായുധ വിപ്ലവവും അതിക്രമങ്ങളും ഉണ്ടാകുമായിരുന്നു. അതേമസമയം ദൃശ്യമാധ്യമ രംഗത്ത് അപചയങ്ങളും സംസ്‌കാരശൂന്യതയും വര്‍ധിച്ചു വരികയാണെന്നും സാമൂഹിക പ്രതിബദ്ധതക്കാകണം വാര്‍ത്തകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. അഴിമതിയും സാമൂഹിക തിന്‍മകളും പുറത്ത് കൊണ്ടുവരുന്നതിനാല്‍ ഭരണകൂടങ്ങള്‍ എന്നും മാധ്യങ്ങള്‍ക്കെതിരാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോള്‍ പിന്തുണയുമായെത്തുന്നവരും അധികാരത്തിലെത്തുമ്പോള്‍ മാധ്യമങ്ങള്‍ക്ക് എതിരാകുന്ന പതിവാണ് നിലവിലുള്ളതെന്നും മുഖ്യപ്രഭാഷണം നടത്തിയ മലയാള സര്‍വകലാശാല മാധ്യമ പഠന ബോര്‍ഡ് മേധാവി ഡോ. മാടവന ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകുടെ സുരക്ഷക്ക് നിയമ നിര്‍മാണം നടത്തുന്നതിന് നിയമ സഭയില്‍ ബില്‍ അവതരിപ്പിക്കുമെന്ന് സെമിനാറില്‍ സംസാരിച്ച അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എയും കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ പ്രസ് കൗണ്‍സിലിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതായി കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ (കെ ജെ യു) സംസ്ഥാന പ്രസിഡന്റ്‌വി ബി രാജനും പറഞ്ഞു. പി സി ജോര്‍ജിന് പി എം റഫീക്ക് അഹ്മദ് ഉപഹാരം നല്‍കി.
നഗരസഭാ വൈസ്‌ചെയര്‍മാന്‍ പി രാമന്‍കുട്ടി, തിരൂര്‍ ്േറവര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി പി പി അബ് ദറുര്‍ഹ്മാന്‍ സംബന്ധിച്ചു. പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ് പ്രസിഡന്റ് ജമാല്‍ ചേന്നര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിനോദ് തലപ്പള്ളി സ്വാഗതവും സംഘാടക സമിതി വൈസ് ചെയര്‍മാന്‍ വി സൈദ് എടപ്പാള്‍ നന്ദിയും പറഞ്ഞു.

Latest