Connect with us

Ongoing News

അഡൈ്വസ് മെമ്മോ: ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കണമെന്ന് പി എസ് സി

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ നിയമനത്തിനായി പത്ത് വര്‍ഷം മുമ്പ് അഡൈ്വസ് മെമ്മോ നല്‍കിയിട്ടും നിയമനം ലഭിക്കാത്തവര്‍ക്ക് മറ്റേതെങ്കിലും കമ്പനിയിലെയോ കോര്‍പ്പറേഷനിലെയോ സമാന സ്വഭാവമുള്ള തസ്തികയില്‍ നിയമനം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പി എസ് സി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇന്നലെ ചേര്‍ന്ന പി എസ് സി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മറ്റു വകുപ്പുകളിലെ ഒഴിവുകള്‍ കണ്ടെത്തി പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ആവശ്യപ്പെടുക. കെ എസ് ആര്‍ ടി സിയിലെ കോച്ച് ബില്‍ഡര്‍ എന്ന തസ്തികയിലേക്ക് പി എസ് സിയുടെ നിയമന ശിപാര്‍ശ ലഭിച്ച 81 ഉദ്യോഗാര്‍ഥികളാണ് പത്ത് വര്‍ഷമായിട്ടും നിയമനം ലഭിക്കാതെ ഓഫീസുകള്‍ കയറിയിറങ്ങിക്കഴിയുന്നത്. നിര്‍ദിഷ്ട തസ്തിക കെ എസ് ആര്‍ ടി സി നിര്‍ത്തലാക്കിയതാണ് നിയമന പ്രതിസന്ധിക്കു കാരണമായത്.

നരേന്ദ്രന്‍ കമ്മീഷന്‍ പാക്കേജിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സബോര്‍ഡിനേറ്റ് ആന്‍ഡ് സര്‍വീസ് റൂളിലും അനുബന്ധ സംവരണ ചട്ടങ്ങളിലും വരുത്തിയ ഭേദഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പി എസ് സിയുടെ പ്രത്യേക യോഗം ചേരാന്‍ കമ്മീഷന്‍ തീരുമാനിച്ചു. ഡെപ്യൂട്ടി കലക്ടര്‍ തസ്തികക്ക് ഏകീകൃത ചുരുക്കപ്പട്ടിക റദ്ദാക്കിയ തീരുമാനവും യോഗത്തില്‍ ചര്‍ച്ചക്കു വരും. കേരള ജനറല്‍ സര്‍വീസിലെ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് എഴുത്തു പരീക്ഷക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ 30 പേരെ ഉള്‍പ്പെടുത്തി മുഖ്യ പട്ടികയും അനുബന്ധ സംവരണ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി സപ്ലിമെന്ററി ലിസ്റ്റും തയ്യാറാക്കാന്‍ കമ്മീഷന്‍ യോഗം തീരുമാനിച്ചു.