സ്‌കൂളുകളിലെ തസ്തിക നിര്‍ണയം വീണ്ടും പ്രതിസന്ധിയില്‍

Posted on: December 9, 2013 1:21 pm | Last updated: December 9, 2013 at 1:21 pm

അരീക്കോട്: സംസ്ഥാനത്തെ അധ്യാപക തസ്തികാ നിര്‍ണയം വീണ്ടും പ്രതിസന്ധിയില്‍. പുതിയ ഉത്തരവനുസരിച്ച് ഈ മാസം 11ന് നടക്കേണ്ടിയിരുന്ന യു ഐ ഡി അനുസരിച്ചുള്ള തസ്തിക നിര്‍ണയം നടക്കില്ലെന്നുറപ്പായി.
പുതിയ ഉത്തരവനുസരിച്ച് ഭാഷാധ്യാപകരെ പൂള്‍ ചെയ്യാനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തതോടെ രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന തസ്തികാ നിര്‍ണയം വീണ്ടും പ്രതിസന്ധിയിലായത്. പുതിയ ഉത്തരവനുസരിച്ചുള്ള തസ്തികാ നിര്‍ണയം നടക്കുമ്പോള്‍ അധികമുള്ള തസ്തികകള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള അധ്യാപക വിദ്യാര്‍ഥി അനുപാതം സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ബാധമാക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സംഘടനകളും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇതോടെ ഈ വര്‍ഷവും സംസ്ഥാനത്ത് അധ്യാപക തസ്തികാ നിര്‍ണയം നടക്കാനുള്ള സാധ്യത ഇല്ലാതാവുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ തസ്തികാ നിര്‍ണയം നടന്നിട്ടില്ല.
കെ ഇ ആര്‍ പ്രകാരം ജൂലൈ 15 നാണ് അധ്യാപക തസ്തികകള്‍ നിര്‍ണയിക്കേണ്ടത്. ആറാം പ്രവൃത്തി ദിവസത്തെ കണക്കനുസരിച്ചാണ് തസ്തികാ നിര്‍ണയം നടക്കാറുള്ളത്. ഏതാനും വര്‍ഷങ്ങളായി ഏകദിന പരിശോധനയിലൂടെ കുട്ടികളുടെ തലയെണ്ണിയാണ് തസ്തിക നിര്‍ണയിച്ചിരുന്നത്. ഈ രീതി 2011 ല്‍ നിര്‍ത്തലാക്കി. 2011 മാര്‍ച്ച് 31 ന് സ്‌കൂളില്‍ നിലവിലുണ്ടായിരുന്ന തസ്തികകള്‍ കുട്ടികളുടെ എണ്ണം നോക്കാതെ അതേപടി തുടര്‍ന്നു വരികായായിരുന്നു. ഈ വര്‍ഷം യു ഐ ഡി അടിസ്ഥാനപ്പെടുത്തി തസ്തിക നിര്‍ണയം നടത്തും എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. യു ഐ ഡി അപ്‌ലോഡ് ചെയ്യുന്നത് പല കാരണങ്ങളാല്‍ തടസ്സപ്പെടുകയും തസ്തിക നിര്‍ണയും നീണ്ടു പോവുകയുമായിരുന്നു. ഒടുവില്‍ ഈ മാസം 11 ന് യു ഐ ഡി അടിസ്ഥാനപ്പെടുത്തി തസ്തിക നിര്‍ണയിക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യപ്പെടുന്ന ഉത്തരവ് ഇറങ്ങി. ഈ ഉത്തരവാണ് വിദ്യാഭ്യാസ വകുപ്പ് പ്രതിസന്ധിയിലാവാന്‍ കാരണം. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എല്‍ പി സ്‌കൂളുകളില്‍ 1:30 ഉം യുപി ഹൈസ്‌കൂളുകളില്‍ 1:35 ഉം ആണ് അധ്യാപക വിദ്യാര്‍ഥി അനുപാതം. നിലവില്‍ കെ ഇ ആര്‍ അനുസരിച്ചുള്ള 1:45 ആണ് കേരളത്തിലെ അധ്യാപക വിദ്യാര്‍ഥി അനുപാതം. പുതിയ ഉത്തരവ് പ്രകാരം 1:45 അനുപാതത്തില്‍ തസ്തിക നിര്‍ണയിച്ചതിനു ശേഷം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ എല്‍ പി വിഭാഗത്തില്‍ 1:30 അനുസരിച്ചും യു പി ഹൈസ്‌കൂളുകളില്‍ 1:35 അനുപാതത്തിലും തസ്തിക നിര്‍ണയിക്കണം എന്നാണ് ഉത്തരവില്‍ പറയുന്നത്.
ഇത് എയ്ഡഡ് സ്‌കൂളുകള്‍ക്ക് മാത്രമാണ് ബാധമാക്കിയിട്ടുള്ളത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ അനുകൂല അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിറങ്ങുന്നത്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജിഎസ്ടിയു എന്ന കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന ഉത്തരവിനെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുകയാണ്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള അധ്യാപക വിദ്യാര്‍ഥി അനുപാതം സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കു കൂടി ബാധമാക്കണം എന്നാവശ്യപ്പെട്ട് സംഘടന ഹൈക്കോടതിയെ സമീപിക്കും എന്നാണറിയുന്നത്. അതേ സമയം ഭാഷാധ്യാപക തസ്തികകള്‍ നിര്‍ണയിക്കുന്നതിന് പുതിയ അനുപാതം ബാധമാക്കിയിട്ടില്ല എന്നത് ഭാഷാധ്യാപകരുടെയും എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. 1:45 അനുസരിച്ച് തസ്തിക നിര്‍ണയിച്ച ശേഷം 16 പിരിയഡ് തികയാത്ത ഭാഷാധ്യാപകരെ പൂള്‍ ചെയ്യണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇക്കാര്യം കാണിച്ച് ഭാഷാധ്യാപകര്‍ കോടതിയെ സമീപിച്ചതിനെതുടര്‍ന്ന് കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു. ഈ മാസം പതിനഞ്ച് വരെയാണ് സ്റ്റേ. സ്‌റ്റേ കാലാവധി തീരും മുമ്പ് കോടതിയെ സമീപിക്കാനാണ് മറ്റു സംഘടനകള്‍ ഒരുങ്ങുന്നത്.