കണക്കുകള്‍ തെറ്റിച്ച് നാളികേര വിപണി; റബ്ബര്‍ ഉത്പാദനം കനത്തു

Posted on: December 9, 2013 8:55 am | Last updated: December 9, 2013 at 8:55 am

coconutകൊച്ചി: വെളിച്ചെണ്ണ, കൊപ്ര വിപണികള്‍ക്ക് മാസാരംഭ ഡിമാന്‍ഡ് കരുത്തു സമ്മാനിച്ചില്ല. താഴ്ന്ന റേഞ്ചില്‍ നിന്ന് കുരുമുളക് തിരിച്ചുവരവിന് നീക്കം തുടങ്ങി. മികച്ച കാലാവസ്ഥയില്‍ റബ്ബര്‍ ഉത്പാദനം കനത്തതോടെ വ്യവസായികള്‍ ഷീറ്റ് സംഭരണം ശക്തമാക്കി. സ്വര്‍ണ വില കുറഞ്ഞു. പവന് 360 രൂപയാണ് കഴിഞ്ഞയാഴ്ച കുറഞ്ഞത്.
ചരിത്രത്തിലെ ഏറ്റവും മികച്ച നിലവാരത്തില്‍ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ച നാളികേരോത്പന്നങ്ങള്‍ക്ക് പക്ഷേ കുടുതല്‍ തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ക്ക് അവസരം ലഭിച്ചില്ല. മാസത്തിന്റെ തുടക്കമായിരുന്നതിനാല്‍ ലോക്കല്‍ ഡിമാന്‍ഡ് വെളിച്ചെണ്ണ വിപണിയെ ചുടുപിടിപ്പിക്കുമെന്നാണ് മില്ലുകാര്‍ കണക്ക് കൂട്ടിയത്.
എന്നാല്‍, മൊത്ത വിപണിയില്‍ വെളിച്ചെണ്ണക്ക് ആവശ്യക്കാര്‍ കുറഞ്ഞത് സ്ഥിഗതികളില്‍ മാറ്റം വരുത്തി. മുന്നാഴ്ചയായി 11,000 രൂപയില്‍ നിലകൊണ്ട വെളിച്ചെണ്ണ വാരത്തിന്റെ രണ്ടാം പകുതിയില്‍ തളര്‍ച്ചയില്‍ അകപ്പെട്ടു. മൊത്തം 150 രൂപ കുറഞ്ഞ് 10,850 ലാണ് വ്യാപാരം അവസാനിച്ചത്. പ്രദേശിക തലത്തില്‍ എണ്ണയ്ക്ക് ഡിമാണ്ട് മങ്ങിയതോടെ സ്‌റ്റോക്കിസ്റ്റുകള്‍ ചരക്ക് വിറ്റുമാറുകയാണ്. ഇതോടെ വാരത്തിന്റെ രണ്ടാം പകുതിയില്‍ കൊപ്ര റെക്കോര്‍ഡ് വിലയായ 8000 രൂപയില്‍ നിന്ന് 7850 രൂപയായി. വില ഇടിവ് കണ്ട് പല ഭാഗങ്ങളിലെയും ഉത്പാദകര്‍ നാളികേര വിളവെടുപ്പിന് തിടുക്കം കാണിച്ചു.
കുരുമുളക് തളര്‍ച്ചക്ക് ശേഷം തിരിച്ചു വരവിനുള്ള ശ്രമത്തിലാണ്. നവംബര്‍ അവസാനം രംഗത്ത് വിട്ടു നിന്ന് വടക്കെ ഇന്ത്യന്‍ വ്യാപാരികള്‍ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വിപണിയിലേക്ക് തിരിഞ്ഞു. രാജ്യത്തെ വന്‍കിട സ്‌റ്റോക്കിസ്റ്റുകളുടെ തിരിച്ചു വരവ് ഉത്പന്നം നേട്ടമാക്കി. റെക്കോര്‍ഡായ 52,000 രൂപയില്‍ നിന്ന് 50,300 റേഞ്ചിലേക്ക് നീങ്ങിയ കുരുമുളക് വാരാന്ത്യം 51,300 രൂപയിലാണ്. ഹൈറേഞ്ചിലെ സ്‌റ്റോക്കിസ്റ്റുകള്‍ കാര്യമായി ചരക്ക് ഇറക്കുന്നില്ല. 2014 ല്‍ ഉത്പാദനം കുറയുമെന്ന വിലയിരുത്തല്‍ ചരക്ക് പിടിക്കാന്‍ സ്‌റ്റോക്കിസ്റ്റുകളെ പ്രേരിപ്പിക്കുന്നു. വിളവെടുപ്പിന് കാലതാമസം നേരിടുമെന്ന സൂചനയും പിന്നിട്ടവാരം നിരക്ക് ഉയരാന്‍ കാരണമായി. ശനിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് 49,300 രൂപയിലാണ്. ആഗോള വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിനു 8950-9150 ഡോളര്‍.
ആഭ്യന്തര ഡിമാന്‍ഡിനിടയിലും ചുക്ക് വില സ്‌റ്റെഡി. തണുപ്പ് ശക്തമായതിനാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുക്ക് വില്‍പ്പന ഉയര്‍ന്ന തോതിലാണ്. മീഡിയം ചുക്ക് 18,500 രൂപയിലും ബെസ്റ്റ് 19,500 രൂപയിലും വിപണനം നടന്നു.
റബ്ബര്‍ ഉത്പാദനം ഉയര്‍ന്നതിനൊപ്പം നിരക്ക് താഴ്ന്നു. കൊച്ചി, കോട്ടയം വിപണികളില്‍ ടയര്‍ കമ്പനികള്‍ നിരക്ക് ഇടിച്ചാണ് റബ്ബര്‍ സംഭരിക്കുന്നത്. മുഖ്യ വിപണികളില്‍ നാലാം ഗ്രേഡ് 15,100 രൂപയിലും അഞ്ചാം ഗ്രേഡ് 14,100 രൂപയിലും ശനിയാഴ്ച വിപണനം നടന്നു. ഒട്ടുപാല്‍ 10,800 രൂപയിലും ലാറ്റക്‌സ് 10,300 രൂപയിലുമാണ്.
സ്വര്‍ണ വില പവന് 360 രൂപ കുറഞ്ഞു. പവന്റെ വില 22,680 രൂപയില്‍ നിന്ന് കൂടുതല്‍ കരുത്തുനേടനാവാരെ 22,320 രൂപയായി താഴ്ന്നു. ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില ഔണ്‍സിന് 1252 ഡോളറില്‍ നിന്ന് അഞ്ച് മാസത്തിനിടയിലെ താഴ്ന്ന നിലവാരമായ 1211 ലേക്ക് ഇടിഞ്ഞ ശേഷം 1230 ഡോളറിലാണ്.