നാലില്‍ നാലും നേടി ബി ജെ പി

Posted on: December 9, 2013 6:17 am | Last updated: December 9, 2013 at 11:48 pm

BJPന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ ബി ജെ പി തരംഗം. ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് (എ എ പി) കന്നിയങ്കത്തില്‍ വന്‍ മുന്നേറ്റം. ഇവിടെ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഭരണകക്ഷിയായ കോണ്‍ഗ്രസ് ഒറ്റയക്കത്തില്‍ ഒതുങ്ങി. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി ജെ പി മൂന്നാം തവണയും അധികാരത്തിലെത്തി. ഭരണവിരുദ്ധ വികാരം മുതലെടുക്കാനാകാതിരുന്ന ഛത്തീസ്ഗഢിലും ബി ജെ പി ഹാട്രിക്ക് തിളക്കത്തില്‍. രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ചരിത്രത്തിലേറ്റവും വലിയ പരാജയം സമ്മാനിച്ച് വസുന്ധരരാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബി ജെ പി അധികാരമുറപ്പിച്ചു.
എഴുപതംഗ ഡല്‍ഹി നിയമസഭയില്‍ എ എ പി 28 സീറ്റ് നേടി വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 32 സീറ്റ് നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോണ്‍ഗ്രസിന് എട്ട് സീറ്റ് മാത്രമേ നേടാനായുള്ളൂ. ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ കക്ഷിയായ ബി ജെ പി അധികാരത്തിലെത്തിയേക്കും. മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളിനോട് ദയനീയമായി പരാജയപ്പെട്ടു. പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഷീലാ ദീക്ഷിത് കാല്‍ ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെജ്‌രിവാളിനോട് പരാജയപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനം ഇവര്‍ രാജിവെച്ചു.
ചരിത്രത്തിലേറ്റവും വലിയ തിരിച്ചടിയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിനേറ്റത്. മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഇരുപത്തൊന്ന് സീറ്റ് മാത്രം നേടിയപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബി ജെ പി അധികാരത്തിലെത്തിയത്. ഇരുനൂറ് അംഗ നിയമസഭയില്‍ 162 സീറ്റാണ് ബി ജെ പി നേടിയത്. ബി ജെ പി സംസ്ഥാന അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധരരാജെ സിന്ധ്യയായിരിക്കും രാജസ്ഥാനില്‍ മുഖ്യമന്ത്രിയാകുക. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സര്‍ദാര്‍പുര മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. ഗെഹ്‌ലോട്ടിന്റെ ജില്ലയായ ജോധ്പൂരില്‍ പത്ത് മണ്ഡലങ്ങളില്‍ ഒമ്പതും ബി ജെ പി നേടി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ചന്ദ്രഭാന്‍ രാജിവെച്ചു. ഭരണവിരുദ്ധ വികാരം മറികടന്ന് മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബി ജെ പി ഹാട്രിക്ക് വിജയം നേടി. ചൗഹാന്റെ വ്യക്തി പ്രഭാവത്തിലും ജനകീയമായ പദ്ധതികളിലൂടെയുമാണ് വലിയ വിജയം നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 22 സീറ്റ് വര്‍ധിപ്പിച്ച് 165 ഇടങ്ങളില്‍ ബി ജെ പി വിജയം കൊയ്തു. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് 57 സീറ്റ് നേടി.
ആദ്യാവസാനം ലീഡ് നില മാറിമറഞ്ഞ ഛത്തീസ്ഗഢില്‍ അവസാനമായതോടെ വിധി മുഖ്യമന്ത്രി രമണ്‍സിംഗിന് അനുകൂലമാകുകയായിരുന്നു. രമണ്‍സിംഗിന്റെ ജനപ്രീതി വോട്ടായി മാറിയെങ്കിലും ചില മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ശക്തമായ പ്രചാരണ പ്രവര്‍ത്തനവും കോണ്‍ഗ്രസിന് തുണയാകുകയായിരുന്നു. ദന്തേവാഡയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മുന്‍ കേന്ദ്ര മന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സഹതാപതരംഗം വോട്ടായിട്ടുണ്ട്.