ചിത്രങ്ങളെ കുപ്പിയിലാക്കി അശ്‌റഫിന്റെ കലാ വൈഭവം

Posted on: December 8, 2013 7:29 am | Last updated: December 8, 2013 at 7:29 am

ashrafമലപ്പുറം: ഒഴിഞ്ഞ സ്‌പ്രേ കുപ്പിക്കുള്ളില്‍ ചിത്രം വരച്ച് കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് തറയില്‍ അശ്‌റഫ്. എടരിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ അപൂര്‍വ ചിത്രരചനാ രീതി ആസ്വാദകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ചെറിയ സുഷിരം മാത്രമുള്ള സ്‌പ്രേ കുപ്പിക്കുള്ളിലേക്ക് ബ്രഷ് കടത്തിവിട്ടാണ് അശ്‌റഫ് തന്റെ കലാവൈഭവം പ്രകടിപ്പിക്കുന്നത്.
പ്രത്യേക രീതിയില്‍ ബ്രഷിന്റെ തുമ്പ് വളച്ച് വേഗത്തിലാണ് ചിത്രരചന നടത്തുന്നത്. ചെറുപ്പം മുതലേ ചിത്ര രചനയില്‍ താത്പര്യമുള്ള അശ്‌റഫ് അടുത്തിടെയാണ് സ്‌പ്രേ കുപ്പിയെ ചിത്രം വരക്കാനുള്ള പ്രതലമാക്കി തുടങ്ങിയത്. പ്രത്യേക പരിശീലനമൊന്നും ലഭിക്കാതെയാണ് പുതുമയുള്ള രീതിയിലുള്ള ഈ ചിത്രം വര.
നെല്‍സണ്‍ മണ്ടേല, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, എം ജി ആര്‍, ചാര്‍ളി ചാപ്ലിന്‍, മമ്മൂട്ടി തുടങ്ങിയവരെയൊക്കെ നിമിഷങ്ങള്‍ക്കുള്ളില്‍ അശ്‌റഫ് വരക്കും. ഗിന്നസ് ബുക്കില്‍ ഇടം തേടി തന്റെ കഴിവ് ലോകത്തെ അറിയിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.
സ്‌കൂള്‍, കോളജ് തലങ്ങളില്‍ നിരവധി തവണ ചിത്രരചനക്ക് സമ്മാനം നേടിയിട്ടുള്ള ഇയാള്‍ കോട്ടക്കലിലെ സ്വകാര്യ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനാണ്. ചെറിയ സി എഫ് എല്‍ ട്യൂബില്‍ നൂറോളം ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയനാകാനുള്ള ഒരുക്കത്തിലാണ് അശ്‌റഫ്.