Connect with us

Palakkad

ന്യൂനപക്ഷ വിഭാഗത്തിന്റെ സമഗ്ര പുരോഗതിക്കായി മികച്ച വായ്പാ പദ്ധതികള്‍ ആവിഷ്‌കരിച്ചു: മന്ത്രി എ പി അനില്‍കുമാര്‍

Published

|

Last Updated

പാലക്കാട്:ന്യൂനപക്ഷ വിഭാഗത്തിന്റെ സമഗ്രപുരോഗതിക്കായി ഈ സര്‍ക്കാരിന്റെകാലയളവില്‍ മികച്ച വായ്പാ പദ്ധതികള്‍ ആവിഷ്‌കരിക്കാനായിട്ടുണ്ടെന്ന് പട്ടികജാതി പിന്നോക്ക സമുദായ ക്ഷേമ, ടൂറിസം വകുപ്പ് മന്ത്രി എ പിഅനില്‍കുമാര്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനും ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച വായ്പാവിതരണവും ബോധവത്ക്കരണ ക്യാംപും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രസ്തുത പദ്ധതികള്‍ ഗുണകരമായി പ്രവര്‍ത്തിച്ചതുമൂലം വായ്പാ സ്വീകര്‍ത്താക്കള്‍ക്ക് കൃത്യമായി തിരിച്ചടവ് സാധ്യമായി.
ഇതിലൂടെ ഗവണ്‍മെന്റിന് ലാഭവിഹിതം കൈമാറാന്‍ കോര്‍പ്പറേഷന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രിപറഞ്ഞു. ചടങ്ങില്‍ നാല് കോടിയോളം രൂപയുടെ വായ്പ വിവിധ ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തു.
ലഘു വായ്പാ പദ്ധതിയുടെ ഭാഗമായി പാലക്കാട് പീപ്പിള്‍ സര്‍വീസ് സൊസൈറ്റിക്ക് 53 ലക്ഷം രൂപയും ആലത്തുര്‍, എരുമയൂര്‍, കോട്ടായി, കിഴക്കഞ്ചേരി, അയിലൂര്‍ എന്നീ കുടുംബശ്രീ സി ഡി എസ് വിഭാഗങ്ങള്‍ക്ക് 25 ലക്ഷം രൂപയും പെരിങ്ങോട്ടുകുറിശ്ശി കുടുംബശ്രീ സി ഡി എസ് വിഭാഗത്തിന് 21,10000 രൂപയും വിതരണം ചെയ്തു. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയ ഇന്‍ഫര്‍മേഷന്‍ ഗൈഡ് പ്രകാശനം ചെയ്തു. ഷാഫി പറമ്പില്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ സ്വയം തൊഴില്‍ വായ്പാ വിതരണവും മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസ് വിദ്യാഭ്യാസ വായ്പാ വിതരണവും നടത്തി.
മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ സാജോ ജോണ്‍, മുന്‍ എം എല്‍ എ സി ടി കൃഷ്ണന്‍, ഡയറക്ടര്‍മാരായ കുട്ടപ്പന്‍ ചെട്ടിയാര്‍, ജെസഹായദാസ്, സത്യന്‍ വണ്ടിച്ചാലില്‍ പങ്കെടുത്തു.
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ മോഹന്‍ശങ്കര്‍ സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ ബി ദിലീപ്കുമാര്‍ നന്ദിയും പറഞ്ഞു.—

 

Latest