വിവിധ സ്റ്റേഷനുകളില്‍ മണല്‍കടത്തിന് പിടിയിലായ വാഹനങ്ങള്‍ ലേലം ചെയ്യുന്നു

Posted on: December 8, 2013 6:59 am | Last updated: December 8, 2013 at 6:59 am

തിരൂര്‍: റോഡിലും പോലീസ് സ്‌റ്റേഷന്‍ പരിസരങ്ങളിലുമായി അനാഥമായി കിടക്കുന്ന വാഹനങ്ങള്‍ക്ക് ശാപമോക്ഷമാകുന്നു. അനധികൃതമായി മണല്‍കടത്തിന് പിടിയിലായ വാഹനങ്ങള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി തിരൂര്‍ ആര്‍ ഡി ഒ. കെ ഗോപാലന്‍ അറിയിച്ചു.
തിരൂര്‍, പൊന്നാനി ഡിവിഷനു കീഴിലെ 10 പോലീസ് സ്‌റ്റേഷന്‍ പരിധികള്‍ക്കുള്ളിലെ ഇത്തരത്തില്‍ പിടിക്കപ്പെട്ട് നാശത്തിലേക്ക് നീങ്ങുന്ന 1233 വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ ലേലം ചെയ്യുക. വേങ്ങര, കുറ്റിപ്പുറം, പെരുമ്പടപ്പ്, കരിപ്പൂര്‍, തിരൂര്‍, തേഞ്ഞിപ്പലം, കല്‍പകഞ്ചേരി, കോട്ടക്കല്‍, ചങ്ങരംകുളം, വളാഞ്ചേരി എന്നീ പോലീസ് സ്‌റ്റേഷനുകള്‍ക്ക് കീഴിലെ വാഹനങ്ങളാണിവയെല്ലാം.
ഇവ ലേലം ചെയ്യുന്നതിനായി സെപ്തംബര്‍ 24 നാണ് വിജ്ഞാപനം ഇറങ്ങിയത്. വിജ്ഞാപനം വന്ന് മൂന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉടമകള്‍ എത്തി ഏറ്റെടുക്കാത്ത വാഹനങ്ങളാണ് ലേലം ചെയ്യുക. അനധികൃതമായി മണല്‍ കടത്തിന് പിടികൂടിയ ഇത്തരം വാഹനങ്ങള്‍ അധികൃതര്‍ നിശ്ചയിച്ച പിഴയൊടുക്കി ഉടമകള്‍ക്ക് കൊണ്ടുപോകാന്‍ സൗകര്യം ചെയ്തിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അതത് പോലീസ് സ്‌റ്റേഷന്‍, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ പരസ്യപ്പെടുത്തിയിട്ടുമുണ്ട്.