Connect with us

Wayanad

കോടികളുടെ സാമ്പത്തിക തട്ടിപ്പ്: ചിലര്‍ കുടുക്കുകയായിരുന്നുവെന്ന് മേരി

Published

|

Last Updated

കല്‍പറ്റ: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും സാമ്പത്തിക ഇടപാടിനായി നല്‍കിയ ചെക്കുകളും മുദ്രപത്രവും ദുരുപയോഗം ചെയ്ത് ചിലര്‍ തന്നെ കുടുക്കിലാക്കുകയായിരുന്നുവെന്നും ബത്തേരി ചീരാലിലെ കല്ലിങ്കല്‍ കെ വി മേരി (50) വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്റെ പേരില്‍ വ്യാജരേഖയും കോടതി ഉത്തരവും നിര്‍മിച്ചത് അന്വേഷിക്കണമെന്നും മേരി ആവശ്യപ്പെട്ടു.
കോടതി, ബാങ്ക് രേഖകളും സ്ഥലവും കാണിച്ച് വിവിധ ആളുകളില്‍ നിന്നായി പണം വാങ്ങി തട്ടിപ്പു നടത്തിയെന്ന പരാതികളിന്‍മേല്‍ മാനന്തവാടി ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേരിയെ സെപ്തംബര്‍ മാസത്തില്‍ അറസ്റ്റു ചെയ്തിരുന്നു. 45 ദിവസം മേരി ജയിലില്‍ കഴിഞ്ഞു.
ജയിലില്‍ നിന്നു പുറത്തിറങ്ങിയ തന്നെയും ഭര്‍ത്താവിനെയും മകനെയും കോഴിക്കോട് കോവൂര്‍ സ്വദേശിയായ സ്വദേശിയായ സജി ആന്റണിയും ഗുണ്ടകളും ചേര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് മേരി പറഞ്ഞു. സജി ആന്റണിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇവരുടെ കുടുംബവുമായി ആദ്യം നല്ല സൗഹൃദ് ബന്ധമാണ് ഉണ്ടായിരുന്നത്. സജി ആന്റണിയില്‍ നിന്നും 11 ശതമാനം പലിശക്ക് ലക്ഷങ്ങള്‍ കടം വാങ്ങിയിരുന്നു. രണ്ടു പ്രാവശ്യം പലിശ അടച്ചു. പിന്നീട് സാമ്പത്തിക പ്രയാസം മൂലം തിരിച്ചടവ് മുടങ്ങി. സജിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി അയാള്‍ക്ക് തുക എഴുതാത്ത ചെക്കുകളും മുദ്രപത്രങ്ങളുമാണ് നല്‍കിയിരുന്നത്. ഇത് സജി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് മേരി പറഞ്ഞു. തന്റെ സ്ഥലവും വീടും സജി കൈക്കലാക്കി. ജ്വല്ലറി ഉടമകള്‍ അടക്കമുളളവരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതായി മേരി സമ്മതിച്ചു. ഇവരുമായി പണം കൊടുക്കല്‍ വാങ്ങല്‍ ഇടപാടാണ് നടത്തിയിരുന്നത്.
തനിക്ക് സ്ഥലക്കച്ചവടവും ചീരാലില്‍ ഒരു സ്ഥാപനവും ഉണ്ടായിരുന്നു. ഇതിനു വേണ്ടിയാണ് കടം വാങ്ങിയ പണത്തില്‍ കുറേ ചെലവഴിച്ചത്. കുറേ പണം സജിആന്റണിക്കും നല്‍കി. വയനാടിനെ കടുവാ സങ്കേതമായി പ്രഖ്യാപിക്കുമെന്ന ഊഹാപോഹത്തെ തുടര്‍ന്ന് സ്ഥലക്കച്ചവടം മരവിച്ചതോടെയാണ് സാമ്പത്തിക ഇടപാടുകള്‍ മുടങ്ങിയത്. കുറച്ച് ആളുകളില്‍ കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാനുണ്ട്. ആ കടം വീട്ടാനുള്ള സ്ഥലം തനിക്കുണ്ടെന്ന് മേരി പറഞ്ഞു. പണം കടം വാങ്ങിയ പലരും കൊടുക്കാനുള്ളതിന്റെ രണ്ടും മൂന്നും ഇരട്ടി തുക എഴുതിയാണ് ചെക്കുകള്‍ ഹാജരാക്കിയത്.
സജി ആന്റണിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും മേരി ആവശ്യപ്പെട്ടു. ഇയാള്‍ക്ക് കോടികളുടെ സ്വത്തുണ്ടെന്നാണ് അറിവ്. ഇത് എങ്ങനെ സമ്പാദിച്ചുവെന്ന് അന്വേഷിക്കണം. തനിക്ക് ബാങ്കില്‍ കോടികളുടെ നിക്ഷേപമില്ലെന്നും മേരി പറഞ്ഞൂ. ആറാം ക്ലാസ് വരേയേ പഠിച്ചിട്ടുള്ളു. കോടികള്‍ നിക്ഷേപമുണ്ടെന്നു കാണിക്കാനായി താന്‍ വ്യാജരേഖ നിര്‍മിച്ചിട്ടില്ല. വ്യാജരേഖ ചമച്ചതാരാണെന്ന് അന്വേഷിക്കണം. ഇതു സംബന്ധിച്ച് അടുത്തു തന്നെ പോലീസില്‍ പരാതി നല്‍കും. ചില കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും കെ.വി മേരി പറഞ്ഞു.
.മേരിയുടെ പേരില്‍ വിവിധ ബാങ്കുകളിലായി 100 കോടിയിലേറെ രൂപയുടെ സമ്പാദ്യമുണ്ടെന്ന ബാങ്ക് രേഖകളും, ഇതുമായി ബന്ധപ്പെട്ട കോടതി രേഖയും കാണിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാര്‍ ആരോപിച്ചിരുന്നു. തനിക്ക് ഇക്കാര്യത്തില്‍ മനസറിവില്ലെന്ന് മേരി പറഞ്ഞതോടെ, പരാതിക്കാരുടെ കൈകളില്‍ ഈ രേഖ എങ്ങനെയെത്തിയെന്ന കാര്യം ദുരൂഹമായി ശേഷിക്കുകയാണ്. സാമ്പത്തിക ഇടപാടുകള്‍ക്കായി കെ.എസ്.എഫ്.ഇ.യില്‍ ഈടുവെച്ച സ്ഥലം ഇവിടുത്തെ ഇടപാടുകള്‍ തീരാതെ തന്നെ മറ്റ് ആളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്തു നല്‍കിയെന്നും മേരി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. നിയമവിരുദ്ധമായ ഈ ഇടപാടുകള്‍ക്കു പിന്നില്‍ മറ്റു ആളുകള്‍ക്കും രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.