കണ്ണൂരിലെ മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

Posted on: December 8, 2013 12:40 am | Last updated: December 8, 2013 at 12:40 am

ചെറുപുഴ(കണ്ണൂര്‍): കണ്ണൂരിന്റെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ ഒരിടവേളക്കു ശേഷം വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് ചെറുപുഴ പ്രാപ്പൊയിലില്‍ മാവോയിസ്റ്റ് സംഘത്തെ നാട്ടുകാര്‍ കണ്ടത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ പ്രാപ്പൊയിലിലെ പാറപ്പള്ളി മുരളി യെ അഞ്ചംഗ മാവോയിസ്റ്റ് സംഘം തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി. എ കെ 47 ഉള്‍പ്പെടെയുള്ള അത്യാധുനിക തോക്കുകള്‍ കൈവശമുള്ള സംഘത്തെയാണ് ചെറുപുഴയില്‍ കണ്ടെത്തിയതെന്ന് ഒടുവില്‍ പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മലയോര പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

ഇന്നലെ പുലര്‍ച്ചെ ടാപ്പിംഗ് നടത്താനെത്തിയ മുരൡയെ പട്ടാള വേഷത്തിലെത്തിയ മാവോയിസ്റ്റ് സംഘം തടഞ്ഞുവെക്കുകയും യാത്രക്കായി ഒരു ജീപ്പ് വിളിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. മൊബൈല്‍ ഫോണിന് വേണ്ടി ഇവര്‍ തന്നെ ദേഹപരിശോധനക്കു വിധേയനാക്കിയതായും ഇതിനിടെ ഒരു ബൈക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ ഓടിമറഞ്ഞതായും മുരളി പോലീസിനോട് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് പ്രദേശത്ത് പരിശോധന നടത്തിയപ്പോഴാണ് ഇവിടെയെത്തിയ സംഘം മാവോയിസ്റ്റുകളാണെന്ന സൂചന ലഭിച്ചത്.
ഉച്ചക്ക് രണ്ട് മണിക്ക് ശേഷം പ്രദേശത്തെ മറ്റൊരു സ്ത്രീയും പട്ടാള വേഷധാരികളായ സംഘത്തെ കണ്ടതായി പോലീസിനോട് പറഞ്ഞു.
പയ്യന്നൂര്‍ സി ഐ. റഹീമിന്റെ നേതൃത്വത്തില്‍ 50ഓളം പോലീസുകാര്‍ ചെറുപുഴ വനമേഖലയില്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. പുലര്‍ച്ചെ മാവോയിസ്റ്റുകളെ കണ്ട മുരളിയാണ് പോലീസിന്റെ പക്കലുള്ള ഫോട്ടോയില്‍ നിന്ന് സംഘത്തിലെ ഒരാള്‍ പ്രധാന നേതാവായ രൂപേഷാണെന്നും ആയുധം എ കെ 47 മാതൃകയിലുള്ള തോക്കുകളാണെന്നും വ്യക്തമാക്കിയത്. സംഭവത്തെ തുടര്‍ന്ന് ചെറുപുഴ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശമാണ് ചെറുപുഴ മേഖല. കേരളവും കര്‍ണാടകവും അതിര്‍ത്തി പങ്കിടുന്ന ഇവിടെ ഇവര്‍ താവളമുറപ്പിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് നിഗമനം.