ഹെല്‍മറ്റ് പരിശോധന: 126 വാഹനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും

Posted on: December 8, 2013 5:35 am | Last updated: December 8, 2013 at 12:37 am

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ചതിന്റെ പേരില്‍ 126 ഇരുചക്ര യാത്രികരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പരിശോധിച്ച 649 വാഹനങ്ങളില്‍ 126 വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്തതിന്റെ പേരില്‍ 52 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ 13 സ്വകാര്യ ബസുകളും 24 കെ എസ് ആര്‍ ടി സിയും 12 ടിപ്പറുകളും മൂന്ന് സ്‌കൂള്‍ ബസുകളും ഉള്‍പ്പെടും. മൊത്തം സംസ്ഥാനത്ത് 1,449 വാഹനങ്ങളിലാണ് ഗതാഗതവകുപ്പ് പരിശോധന നടത്തിയത്.
എറണാകുളം ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റിന് കീഴിലാണ് ഏറ്റവും കൂടുതല്‍ ഹെല്‍മറ്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 56 വാഹനങ്ങളുടെ ലൈസന്‍സാണ് റദ്ദാക്കുന്നത്. കൊല്ലം- 4, തൃശൂര്‍- 10, പാലക്കാട്- 8, വയനാട്- 3, കാസര്‍കോട്- 9, മൂവാറ്റുപുഴ- 3, വടകര- 13, തിരുവനന്തപുരം- 1, തൃശൂര്‍ എന്‍ഫോഴ്‌സ്‌മെന്റ്- 18 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്തതിന്റെ പേരില്‍ എറണാകുളം ജില്ലയില്‍ 24 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.