Connect with us

National

കോപ്ടര്‍ അഴിമതി: ഇടനിലക്കാരനെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അഴിമതി കേസിലെ ഇടനിലക്കാരന്‍ ഗ്വീഡോ ഹാച്ച്‌കെയെ ചോദ്യം ചെയ്യാന്‍ ഇറ്റാലിയന്‍ കോടതി ഇന്ത്യന്‍ അധികൃതര്‍ക്ക് അനുമതി നല്‍കി. കോപ്ടര്‍ അഴിമതി കേസില്‍ തന്റെ പങ്കിനെ സംബന്ധിച്ച് മിലാനിലെ കോടതിയില്‍ ഹാച്ച്‌കെ മൊഴി നല്‍കി. തുടര്‍ന്ന് ഹാച്ച്‌കെയെ ചോദ്യം ചെയ്യാന്‍ കോടതിയില്‍ സന്നിഹിതരായിരുന്ന ഇന്ത്യന്‍ അധികൃതര്‍ക്ക് അനുമതി നല്‍കുകയായിരുന്നു.
വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ക്ക് 60 ലക്ഷം യൂറോയും മറ്റ് ഉദ്യോഗസ്ഥര്‍ക്ക് 84 ലക്ഷം യൂറോയും കൈമാറിയതായി ഹാച്ച്‌കെ മൊഴി നല്‍കി. രാഷ്ട്രീയക്കാര്‍ക്കും പണം നല്‍കിയിട്ടുണ്ട്. ഇടപാടിന്റെ ഉദ്ദേശിക്കപ്പെടുന്ന ചെലവ് ഹാച്ച്‌കെയാണ് തയ്യാറാക്കിയത്. പേപ്പറില്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ സൂചിപ്പിക്കാന്‍ “എ എഫ്” എന്നും രാഷ്ട്രീയക്കാരെ സൂചിപ്പിക്കാന്‍ “പൊള്‍” എന്നുമാണ് എഴുതിയത്. വ്യോമസേനാ മുന്‍ മേധാവി എസ് പി ത്യാഗിയെ ഏഴ് തവണ കണ്ടതായി ഹാച്ച്‌കെ സമ്മതിച്ചിട്ടുണ്ട്.
ഇടപാടിന്റെ കമ്മീഷന്‍ തുകയുടെ ഏഴ് ശതമാനം ത്യാഗിയുടെ മൂന്ന് സഹോദരന്‍മാര്‍ക്കും അമ്മാവന്റെ മക്കള്‍ക്കും വീതിച്ച് നല്‍കാനും പദ്ധതിയുണ്ടായിരുന്നു. ഇടപാടിലെ മറ്റ് പ്രധാനികളുമായി ദുബൈയിലും റോമിലുമായി നിരവധി തവണ വിവിധയിടങ്ങളില്‍ കൂടിക്കാഴ്ച നടത്തിയതായും ഹാച്ച്‌കെ സമ്മതിച്ചിട്ടുണ്ട്. ഇടപാടിലെ തന്റെ ഓഹരിയായി കമ്മീഷന്‍ തുകയുടെ ഏഴ് ശതമാനവും ത്യാഗിയുടെ ബന്ധുക്കള്‍ക്ക് നല്‍കാനും തുക മാറ്റിവെച്ചിരുന്നു. മറ്റൊരൂ ഇടനിലക്കാരനായ ക്രിസ്റ്റിന്‍ മിഷേലിന് മൊത്തം തുകയുടെ 50 ശതമാനം നല്‍കി.
സ്വിസ് അധികൃതര്‍ നാടുകടത്തിയതിനെ തുടര്‍ന്നാണ് ഇറ്റാലിയന്‍ പോലീസ് ഹാച്ച്‌കെയെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവുമായുള്ള കോപ്ടര്‍ ഇടപാടിലാണ് അഴിമതി നടന്നത്. കരാര്‍ ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കക്ക് ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റും കോഴ നല്‍കുകയായിരുന്നു. 12 വി വി ഐ പി കോപ്ടറുകള്‍ക്കാണ് പ്രതിരോധ മന്ത്രാലയം ഇറ്റാലിയന്‍ കമ്പനിയുമായി ധാരണയിലെത്തിയത്. 3600 കോടി രൂപയുടെതാണ് ഇടപാട്.