Connect with us

Kasargod

പ്രഭാകരന്‍ കമ്മീഷന്‍: 25 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരമായി

Published

|

Last Updated

കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസനത്തിനായി മുന്‍ ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദേശിച്ച 25 കോടിയുടെ പ്രോജക്ടുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. സെക്രട്ടറിയേറ്റില്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
നന്ദാരപ്പദവ്-പെര്‍ള-ചെറുപുഴ-വള്ളിക്കടവ് റോഡ് ഉള്‍പ്പെടുന്ന ഹില്‍ ഹൈവേ നിര്‍മാണത്തിനു ആറു കോടി രൂപയാണ് അനുവദിച്ചിട്ടുളളത്. തൗടുഗോളി 110 കെ വി വൈദ്യുതി ലൈന്‍ ശാക്തീകരണത്തിനു അഞ്ച് കോടി രൂപയും കള്ളാര്‍ പാലത്തിനു രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആര്‍ ഡി ഒ ക്വാര്‍ട്ടേഴ്‌സ്-30 ലക്ഷവും, തിരുമുമ്പ് മെമ്മോറിയല്‍ സെന്റര്‍ ഫോര്‍ സ്റ്റഡീസ്-25 ലക്ഷവും, ജില്ലാ ആശുപത്രിയില്‍ സി ടി സ്‌കാനു 2 കോടിയും, മൊഗ്രാല്‍പുത്തൂര്‍ പി എച്ച് സി കെട്ടിടത്തിനു 71 ലക്ഷവും, ദേലംപാടി പ്രീ മെട്രിക് ഹോസ്റ്റലിനു ഒരു കോടിയും, 1500 പട്ടികജാതി കുടുംബങ്ങള്‍ക്ക് വൈദ്യുതീകരണത്തിനായി 60 ലക്ഷവും, ആര്‍ എം എസ് എ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് 327 ലക്ഷവും അനുവദിച്ചു.
ബംഗര മഞ്ചേശ്വരം എച്ച് എസ് എസിന് 24 ലക്ഷവും, ഹേരൂര്‍ മേപ്പുഗിരി എച്ച് എസ് എസിന് 36 ലക്ഷവും, ചെര്‍ക്കള എച്ച് എസ് എസിന് 60 ലക്ഷവും, ബളാല്‍ എച്ച് എസ് എസിന് 36 ലക്ഷവും, കോയിപ്പാടി കോസ്റ്റല്‍ റോഡ് നിര്‍മാണത്തിന് 60 ലക്ഷവും, കലക്ടറേറ്റ് ബയോമെട്രിക് അറ്റന്‍ഡന്‍സ് മോണിറ്ററിംഗ് സിസ്റ്റത്തിന് 10 ലക്ഷം, വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലിന് 161 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ബജറ്റ് വിഹിതമായി ലഭിക്കുന്ന 25 കോടി രൂപ 2014 മാര്‍ച്ച് 31 നകം ചെലവഴിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ ജി ശങ്കരനാരായണന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി ജെ കുര്യന്‍, പി ഡബ്ല്യു ഡി, പവര്‍, വ്യവസായം, ഹെല്‍ത്ത്, എല്‍ എസ് ജി ഡി, പ്ലാനിംഗ് എന്നീ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, അഗ്രി. പ്രൊഡക്ഷന്‍ കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.