അബുദാബിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികളടക്കം ഏഴുപേര്‍ മരിച്ചു

Posted on: December 7, 2013 9:26 pm | Last updated: December 7, 2013 at 9:26 pm

accidentഅബുദാബി: അബുദാബിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികളടക്കം ഏഴുപേര്‍ മരിച്ചതായി വിവരം. മേനംകുളം കിന്‍ഫ്ര പാര്‍ക്കിന് സമീപം പുതവല്‍ വീട്ടിലെ തോമസ് പീറ്റര്‍ (53) മരിച്ചവരില്‍ പെടുന്നതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
മറ്റൊരാള്‍ തൃശൂര്‍ക്കാരനാണെന്ന് സംശയിക്കുന്നു. മംഗലാപുരം സ്വദേശിയും തമിഴ്‌നാട്ടുകാരനും രണ്ട് തദ്ദേശിയരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. എണ്ണശുദ്ധീകരണ ശാലയിലെ ജോലിക്കാരാണ് എല്ലാവരും. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. ശക്തമായ മൂടല്‍ മഞ്ഞില്‍ പെട്ട് ഇവര്‍ സഞ്ചരിച്ച വാന്‍ എതിരെ വന്ന ട്രക്കുമായി ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് വാനിന് തീപിടിച്ചു.
കൂടെ ജോലി ചെയ്യുന്നയാളാണ് തോമസിന്റെ വീട്ടില്‍ വിവരമറിയിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റൊരാള്‍ ശനിയാഴ്ച നാട്ടിലെത്തുന്നുണ്ട്. അതിന് ശേഷമേ വിശദാംശങ്ങളറിയാനാകൂ.
25 വര്‍ഷത്തിലേറെയായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന തോമസ് രണ്ടുവര്‍ഷം മുമ്പ് പുതിയ കമ്പനിയില്‍ ചേര്‍ന്നിരുന്നു. മൂന്നുമാസത്തിലൊരിക്കല്‍ വീട്ടില്‍ വരാന്‍ സൗകര്യമുണ്ടായിരുന്ന ഇദ്ദേഹം നവംബര്‍ നാലിനാണ് നാട്ടില്‍ വന്നുമടങ്ങിയത്. ഷേര്‍ളിക്കുട്ടിയാണ് ഭാര്യ. മക്കള്‍: ജാക്‌സണ്‍ (ചാക്ക ഐ ടി ഐ ഒന്നാം വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ഥി), ജ്യോതി (സെന്റ് സേവിയേഴ്‌സ് കോളേജ് ഡിഗ്രി ഫിസിക്‌സ് വിദ്യാര്‍ഥി), ജിജി (ജ്യോതി നിലയം സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥി).

ALSO READ  സഊദിയിൽ വാഹനാപകടം: മൂന്ന് മലയാളി യുവാക്കൾ മരിച്ചു