വിനോദ സഞ്ചാരികള്‍ക്ക് എന്നിട്ടും ദുരിതം മാത്രം

Posted on: December 7, 2013 12:50 pm | Last updated: December 7, 2013 at 12:50 pm

മലമ്പുഴ: കോടികള്‍ ചെലവഴിച്ച് നവീകരിച്ച മലമ്പുഴ ഉദ്യാനം വിനോദ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രം. സ്‌കൂള്‍ സീസണ്‍ തുടങ്ങിയതോടെ നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി സഞ്ചാരികളാണ് ഉദ്യാനം സന്ദര്‍ശിക്കാനെത്തുന്നത്.
എന്നാല്‍ സന്ധ്യയായാല്‍ വിദ്യാര്‍ഥികളെയും കൊണ്ട് എത്രയും പെട്ടെന്ന് പുറത്തുകടക്കാന്‍ അധ്യാപകര്‍ നെട്ടോട്ടമോടുകയാണ്.
രണ്ടരക്കോടി രൂപ മുടക്കി സ്ഥാപിച്ച ഇല്യൂമിനേഷന്‍ എ എല്‍ ഇ ഡി ബള്‍ബുകളില്‍ ഒന്നുപോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
അണക്കെട്ടിന് മുകളില്‍ എ ഇ ഓഫീസ് മുതല്‍ സ്ഥാപിച്ച ബള്‍ബുകളെല്ലാം നശിച്ചു. ഇതോടെ ഈ ഭാഗം ഇരുട്ടിലായി. കൂടുതല്‍ വിനോദ സഞ്ചാരികള്‍ ഉദ്യാനഭംഗി ആസ്വദിക്കാന്‍ എത്തുന്നസ്ഥലമാണ് അണക്കെട്ടിന് മുകള്‍ഭാഗം.
കുട്ടികളുടെ പാര്‍ക്കും ഇരുട്ടിലാണ്. ഉദ്യാനത്തിനകത്ത് ശുദ്ധജലവും കിട്ടാനില്ല. പഴയ പ്രവേശനകവാടത്തിന് സമീപമാണ് മൂന്ന് ടാപ്പുകളുള്ളത്. കവാടം മാറ്റിയതോടെ ഈ സ്ഥലം സന്ദര്‍ശകര്‍ക്ക് അറിയാതായി. ഭക്ഷണം കൊണ്ടുവരുന്നവര്‍ക്ക് കഴിച്ചാല്‍ കൈകഴുകാനും സൗകര്യമില്ല. പ്ലാസ്റ്റിക് കുപ്പികള്‍ ഉദ്യാനത്തില്‍ നിരോധിച്ചതോടെ കുടിവെള്ളം കരുതാനും സന്ദര്‍ശകര്‍ക്കാകുന്നില്ല.
നവീകരണത്തില്‍ തണല്‍മരങ്ങളും വിശ്രമകേന്ദ്രങ്ങളും മാറ്റിയതോടെ വിശ്രമിക്കാനും സൗകര്യമില്ല. ലക്ഷങ്ങള്‍ മുടക്കി തയ്യാറാക്കിയ ഇ- ടോയ്‌ലറ്റുകള്‍ രണ്ടും ഉപയോഗശൂന്യമാണ്. ഇതോടെ തുരുമ്പെടുക്കാനും തുടങ്ങി.
പ്രവേശന കവാടത്തിനു സമീപത്തുള്ള കംഫര്‍ട്ട് സ്‌റ്റേഷന്റെ പണി പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. ഉദ്യാനം കാണാനെത്തുന്നവര്‍ കുടയും ടോര്‍ച്ചും ഭക്ഷണവും വെള്ളവും കരുതേണ്ട അവസ്ഥയാണ്.