കാസര്‍ക്കോട് സ്വദേശി ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍

Posted on: December 6, 2013 9:58 pm | Last updated: December 6, 2013 at 9:59 pm

0005ദുബൈ: കാസര്‍കോട് ഉദുമ സ്വദേശിയെ ജോലി ചെയ്യുന്ന റസ്റ്റോറന്റിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉദുമ കാപ്പിലിലെ പരേതനായ ഇബ്രാഹിം-ആമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ (27)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ദുബൈ എയര്‍പോര്‍ട്ടിന് സമീപം കണ്ണൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ‘അബൂഹൈല്‍’ റസ്റ്റോറന്റിനകത്താണ് ഹനീഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മൃതദേഹം കണ്ടത്.
എല്ലാ ദിവസവും വൈകി റസ്റ്റോറന്റ് അടച്ചു പോകുന്നത് ഹനീഫയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞിട്ടും ഹനീഫയെ കാണാത്തതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ റസ്റ്റോറന്റില്‍ ചെന്ന് നോക്കിയപ്പോഴാണ് ഹനീഫയുടെ മൃതദേഹം ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നു പേരാണത്രെ കൊലപ്പെടുത്തിയത്. ഇവര്‍ റസ്റ്റോറന്റിനകത്ത് കയറുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്.
റസ്റ്റോറന്റ് അടച്ച് പോകാനൊരുങ്ങവെ ഹനീഫയുടെ പക്കലുണ്ടായിരുന്ന പണം അപഹരിക്കാനെത്തിയ സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഹനീഫയെ പിടികൂടി പണം ആവശ്യപ്പെടുന്നതും ഇവരോട് ചെറുത്ത് നില്‍ക്കുന്നതും തലപിടിച്ച് ഭിത്തിയിലടിക്കുന്നതും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കൊലയാളി സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.