അലിഗഡ് മുസ്‌ലിം സര്‍വകലാശാലക്ക് ഗള്‍ഫില്‍ പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു

Posted on: December 6, 2013 7:18 pm | Last updated: December 7, 2013 at 5:53 pm

manjeri medicalമസ്‌കത്ത് . ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലയായ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി വിവിധ ഗള്‍ഫ് നാടുകളില്‍ പഠനകേന്ദ്രങ്ങള്‍ വരുന്നു. നേരത്തെ ഓഫ് കാമ്പസ് പ്രവര്‍ത്തിച്ചിരുന്ന ദുബൈയില്‍ അത് പുനസ്ഥാപിച്ചു കൊണ്ടായിരിക്കും തുടക്കം. ക്രമേണ ഒമാന്‍ ഉള്‍പെടെയുള്ള മറ്റു ഗള്‍ഫ് നാടുകളിലും പഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

ഗള്‍ഫിനു പുറത്തുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ഓഫ് കാമ്പസുകള്‍ ആരംഭിക്കാന്‍ അലിഗഡ് യൂനിവേഴ്‌സിറ്റിക്ക് പദ്ധതിയുണ്ട്.
വിദേശ രാജ്യങ്ങളില്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള സാങ്കേതിക പ്രശ്‌നങ്ങളും വിസ നിയന്ത്രണങ്ങളുമാണ് നേരത്തെ ഈ ആശയത്തില്‍ നിന്നും അലിഗഡ് മേധാവികളെ പിന്തിരിപ്പിച്ചിരുന്നത്. എന്നാല്‍ വിദേശ നാടുകളില്‍ കഴിയുന്ന ഇന്ത്യക്കാരില്‍നിന്നും വിദേശികളില്‍ നിന്നു തന്നെയും ആവശ്യങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് വിദൂര പഠന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അലിഗഡ് ആലോചിക്കുന്നത്. ഗള്‍ഫ് നാടുകളില്‍ വിദേശ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉദാരമായ സൗകര്യങ്ങള്‍ ഒരുക്കുന്നതും അനുകൂല അന്തരീക്ഷമായി അധികൃതര്‍ വിലയിരുത്തുന്നു.
ദുബൈ കേന്ദ്രം പുനസ്ഥാപിക്കുമെന്നും വിവിധ ഗള്‍ഫ് നാടുകളില്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും അലിഗഡ് വൈസ് ചാന്‍സിലര്‍ സമീറുദ്ദീന്‍ ഷായാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ദുബൈയില്‍ കേന്ദ്രം നിര്‍ത്തലാക്കിയ സാഹചര്യം പഠിക്കും. ഇന്ത്യയില്‍ പോലും കേന്ദ്രം തുടങ്ങുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ അതുകൊണ്ട് ഈ ആശയം ഉപേക്ഷിക്കേണ്ടതല്ല. ഗള്‍ഫ് നാടുകളില്‍ തീര്‍ച്ചയായും അലിഗഡ് കേന്ദ്രങ്ങള്‍ക്ക് സാധ്യതകളുണ്ടെന്നും താന്‍ അതിനു മുന്‍കൈ എടുക്കുമെന്നും അദ്ദേഹം ‘സഊദി ഗസറ്റി’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇപ്പോഴത്തെ ഇന്ത്യന്‍ വൈസ് പ്രസിഡന്റ് ഹാമിദ് അന്‍സാരി വൈസ് ചാന്‍സിലര്‍ ആയിരിക്കുമ്പോഴാണ് ദുബൈ കേന്ദ്രം അടച്ചു പൂട്ടിയത്. മലയാളിയായ പി കെ അബ്ദുല്‍ അസീസ് വി സിയായപ്പോള്‍ പശ്ചിമബംഗാള്‍, കേരളം, മധ്യപ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ പ്രാദേശിക പഠന കേന്ദ്രങ്ങള്‍ തുറക്കാന്‍ പദ്ധതി സമര്‍പ്പിക്കുകയും കേരളത്തിലും ബംഗാളിലും അവ യാഥാര്‍ഥ്യമാവുകയും ചെയ്തു. എന്നാല്‍ പ്രാദേശിക കേന്ദ്രങ്ങള്‍ക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് കനത്ത എതിര്‍പ്പ് വന്നിരുന്നു. അബ്ദുല്‍ അസീസ് പുലര്‍ത്തിയ ഇച്ഛാശക്തിയാണ് കേരളത്തിലും ബംഗാളിലും കേന്ദ്രങ്ങള്‍ തുറക്കാന്‍ വഴിയൊരുക്കിയത്. മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാര്‍ നിര്‍ദേശത്തിന് അനുമതി നല്‍കിയില്ല. മഹാരാഷ്ട്ര സര്‍ക്കാറും ഇതുവരെ പദ്ധതിക്ക് താത്പര്യമെടുത്തിട്ടില്ല.
എന്നാല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങുന്നതിനു നേരിടുന്ന പ്രയാസം ഗള്‍ഫ് നാടുകളില്‍ തുടങ്ങുന്നതിന് നേരിടേണ്ടി വരില്ലെന്നാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍ കരുതുന്നത്. പദ്ധതിയുമായി മുന്നോട്ടു പോവുകയും പരിശ്രമിക്കുകയും ചെയ്താല്‍ അവ യാഥാര്‍ഥ്യമാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു. .
ലോകത്ത വന്‍കിട യൂനിവേഴ്‌സിറ്റികളുടെ കേന്ദ്രങ്ങള്‍ ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അലിഗഡ് കാമ്പസുകള്‍ ഗള്‍ഫില്‍ തുറന്നാല്‍ അത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഗുണകരമായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അലിഗഡ് യൂനിവേഴ്‌സിറ്റി കാമ്പസില്‍ എന്‍ ആര്‍ ഐ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഹോസ്റ്റല്‍ സൗകര്യം ഏര്‍പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. വിദേശ ഇന്ത്യക്കാരുടെ കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണിത്. ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യമാകും ഇവിടെ നല്‍കുക. നിലവില്‍ കാമ്പസില്‍ എന്‍ ആര്‍ ഐ വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റല്‍ ഇല്ല.
വിദേശത്തു നിന്നു വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേതിനു വ്യത്യസ്തമായ സൗകര്യങ്ങള്‍ വേണമെന്നതു മനസ്സിലാക്കിയിട്ടുണ്ടെന്നും അത് വൈകാതെ തന്നെ യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.