Connect with us

International

തര്‍ക്ക ദ്വീപില്‍ വ്യോമ പ്രതിരോധ മേഖല അംഗീകരിക്കില്ലെന്ന് അമേരിക്ക

Published

|

Last Updated

ബീജിംഗ്: കിഴക്കന്‍ ചൈനാ കടലിലെ തര്‍ക്ക ദ്വീപില്‍ ചൈന വ്യോമ പ്രതിരോധ മേഖല അംഗീകരിക്കില്ലെന്ന് യു എസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം യു എസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍ ചൈനയുടെ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. മേഖലയില്‍ തെറ്റായ സന്ദേശമാണ് ഇത് നല്‍കുകയെന്നും ചൈനയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും ബിഡന്‍ വ്യക്തമാക്കിയിരുന്നു.
ജപ്പാനും ചൈനയും അവകാശം ഉന്നയിക്കുന്ന ദ്വീപിലാണ് ചൈന പ്രതിരോധ മേഖല തീര്‍ത്തത്. മേഖലയിലെ സംഘര്‍ഷം കുറക്കാന്‍ പ്രതിരോധ മേഖല തടസ്സമാകുമെന്ന് യു എസ് പറയുന്നു. ഇത് സംബന്ധിച്ച് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി യു എസ് വൈസ് പ്രസിഡന്റ് ചര്‍ച്ച നടത്തി.
അഞ്ചര മണിക്കൂറോളമാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ പ്രധാന വിഷയവും ഇതായാരുന്നു. ചൈനയുമായുള്ള ബന്ധത്തില്‍ സുപ്രധാനമാണ് ഇത്തരം വിഷയങ്ങളെന്നാണ് ബിഡന്‍ പറഞ്ഞത്. യു എസ് ഉദ്യോഗസ്ഥരാണ് യോഗത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടത്. വ്യോമ പ്രതിരോധ മേഖല സംബന്ധിച്ച അമേരിക്കയുടെ നിലപാട് അര്‍ഥശങ്കക്ക് വകയില്ലാതെ പ്രസിഡന്റ് ചൈനീസ് പ്രസിഡന്റിനെ അറിയിച്ചുവെന്ന് യു എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇത്തരം മേഖലകള്‍ സൃഷ്ടിക്കുന്നതില്‍ യു എസിന് അതീവ ആശങ്കയുണ്ടെന്നും ബിഡന്‍ പറഞ്ഞു. മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചൈന മുന്‍കൈ എടുക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ബിഡന്‍ ജിന്‍പിംഗിനോട് പറഞ്ഞു.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ബിഡന്‍ ചൈനയിലെത്തിയത്. ചൈനയുടെ നിലപാടില്‍ ആശങ്കയുണ്ടെന്ന് ജപ്പാനില്‍ വെച്ചും ബിഡന്‍ പറഞ്ഞിരുന്നു. പശ്ചിമേഷ്യയില്‍ ആറ് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ബിഡന്‍ ടോക്യോവിലും ബീജിംഗിലും എത്തിയത്. ബീജിംഗിന് ശേഷം സിയൂളിലും അദ്ദേഹം സന്ദര്‍ശനം നടത്തും.