Connect with us

Editorial

ആസിഡ് ആക്രമണവും കോടതി ഇടപെടലും

Published

|

Last Updated

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അടുത്ത കാലത്തായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവമാണ് ആസിഡ് ആക്രമണങ്ങള്‍. ഇരകളെ നരക ജീവിതത്തിലേക്ക് തള്ളിയിട്ട് പൊതു സമൂഹത്തിന് മുന്നിലേക്ക് വരാന്‍ കഴിയാത്ത രീതിയില്‍ സമൂഹത്തില്‍ നിന്ന് നിഷ്‌കാസിതമാക്കാനുള്ള വേട്ടക്കാരുടെ ശ്രമങ്ങളാണ് ആസിഡ് ആക്രമണങ്ങളുടെ പിന്നില്‍. ഇതിനെതിരെ രാജ്യത്തിന്റെ പരമോന്നത നീതിപീഠം പലപ്പോഴും ശക്തമായി ഇടപെട്ടിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 31ന് മുമ്പ് ആസിഡ് ഉള്‍പ്പെടെയുള്ള മാരകമായ വസ്തുക്കളുടെ വില്‍പ്പന നിയന്ത്രണത്തിനുള്ള നിയമം ആവിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളോട് നിര്‍ദേശിച്ചതാണ് ഇതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ പുതിയ ചുവടുവെപ്പ്. ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരകളായവര്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ സൗജന്യമായി നല്‍കുന്നതിനെ കുറിച്ച് പ്രതികരണം അറിയിക്കാനും സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് നിര്‍ദേശിച്ചിരിക്കുകയാണ് സുപ്രീം കോടതി.
ഇന്ത്യയില്‍ നടന്ന ആസിഡ് ആക്രമണങ്ങളില്‍ 72 ശതമാനം സംഭവങ്ങളിലും സ്ത്രീകളാണ് ഇരകളായിട്ടുള്ളത്. ഇവരില്‍ തന്നെ ഭൂരിഭാഗവും കുറഞ്ഞ വാര്‍ഷിക വരുമാനം ഉള്ളവരും. അതുകൊണ്ടുതന്നെ ഇവരുടെ തുടര്‍ചികിത്സ മുന്നോട്ടു കൊണ്ടുപോകാനാതെ ദുരിതം തിന്ന് അവര്‍ക്ക് കഴിയേണ്ടി വരുന്നു. ഇവരെ തിരിഞ്ഞുനോക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ ഉത്തരവാദപ്പെട്ടവര്‍ക്കോ താത്പര്യവുമില്ല. അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ ഇത്തരം ആക്രമണങ്ങളുടെ എണ്ണം കുറഞ്ഞുവരുമ്പോള്‍ ഇന്ത്യയില്‍ ഇതിന്റെ വര്‍ധന ഭയപ്പെടുത്തുന്നതാണ്. 2010ല്‍ ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട് 27 കേസുകളും 2010 ഒക്‌ടോബര്‍ മുതല്‍ 2002 ജനുവരി വരെ 153 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെല്ലാം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ മാത്രമാണെങ്കില്‍ ഇരകളെ നിശ്ശബ്ദരാക്കിയതിനാലോ പുറത്ത് പറയാന്‍ ഭയപ്പെടുന്നതിനാലോ പുറംലോകമറിയാത്ത നിരവധി ആക്രമണങ്ങള്‍ കണക്കുകള്‍ക്ക് പുറത്താണ്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആസിഡ് ആക്രമണങ്ങളില്‍ നല്ലൊരു പങ്കും നിരാശാ കാമുകന്‍മാര്‍ നടത്തുന്നതാണ്. ഇതിനു പുറമെ സ്ത്രീധനവും ലൈംഗിക ആവശ്യത്തിന് വഴങ്ങിക്കൊടുക്കാത്തതും ഇത്തരം ആക്രമണങ്ങള്‍ക്ക് പ്രചോദനമേകുന്നുണ്ട്.
വികസ്വര രാജ്യങ്ങളില്‍ ആസിഡ് ആക്രമണങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇരകള്‍ക്ക് നേരെ ഉപയോഗിക്കാന്‍ തോക്ക് പോലൂള്ള ആയുധങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഇത്തരം മാരക വസ്തുക്കള്‍ വിപണിയില്‍ ലഭിക്കുന്നുവെന്നതാണ് ഇതിന്റെ പ്രധാന കാരണം. മറ്റു പല രാജ്യങ്ങളിലും മുന്നോട്ട് വെക്കുന്നത് പോലെ ആസിഡ് ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിയമവും ശിക്ഷയും ഇന്ത്യയും മുന്നോട്ടുവെക്കുന്നുണ്ട്. പക്ഷേ ഇത്തരം ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആസിഡുകളുടെ വില്‍പ്പനയിലുള്ള നിയന്ത്രണമാണ് ആദ്യം വേണ്ടതെന്ന് തിരിച്ചറിയണം. നാല് സഹോരിമാരെ ആസിഡൊഴിച്ച് അതിക്രൂരമായി ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് സുപ്രീം കോടതി ഈ വര്‍ഷം ജൂലൈ 16ന് ഇതുസംബന്ധമായി നിര്‍ണായകമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ഇരകള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. ഉത്തരവാദപ്പെട്ട അധികൃതര്‍ അംഗീകാരം നല്‍കിയ ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ഇത്തരം അപകടകരമായ വസ്തുക്കള്‍ വില്‍ക്കാന്‍ പാടുള്ളൂവെന്നും 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇത് വില്‍ക്കാന്‍ പാടില്ലെന്നും അന്ന് നല്‍കിയ നിര്‍ദേശത്തില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 2006ല്‍ ആസിഡ് ആക്രമണത്തിനിരയായ ഡല്‍ഹി സ്വദേശിനി ലക്ഷ്മി നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് ഇക്കാര്യം സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നത്.
ആസിഡ് ആക്രമണങ്ങളെ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരുന്നതില്‍ അലംഭാവം കാണിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ സാമൂഹിക പ്രവര്‍ത്തകരും അഭിഭാഷകരും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതിന് മുമ്പും അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നെങ്കിലും സര്‍ക്കാറിന്റെ പ്രതികരണം ആശാവഹമായിരുന്നില്ല. ഇതുസംബന്ധമായ നിയമനിര്‍മാണത്തിന് നാല് മാസം കൂടി അനുവദിച്ചിരിക്കുകയാണ് ഇപ്പോള്‍ സുപ്രീം കോടതി. ഏതെങ്കിലും പ്രദേശത്ത് ആസിഡ് ആക്രമണങ്ങളെ കുറിച്ച് എഫ് ഐ ആര്‍ രേഖപ്പെടുത്തുകയാണെങ്കില്‍ ഈ വിവരം സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്ന് പോലീസുകാരോടും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇരകളായവരോട് ഹരിയാന സര്‍ക്കാര്‍ സ്വീകരിക്കുന്ന മാതൃകയെ പുകഴ്ത്തിയ സുപ്രീം കോടതി ഈ രീതി എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരാത്തതെന്നും ആശങ്കപ്പെട്ടിരുന്നു. 2004ല്‍ ആസിഡാക്രമണത്തിന് ഇരയായ ഡല്‍ഹിയിലെ ഡാന്‍സറായി ജോലി ചെയ്തിരുന്ന അനു എന്ന പെണ്‍കുട്ടിക്ക് മലയാളിയായ ജസ്റ്റീസ് കുര്യന്‍ ജോസഫ് ജൂനിയര്‍ കോര്‍ട്ട് അറ്റന്‍ഡറായി ജോലി വാഗ്ദാനം ചെയ്ത വാര്‍ത്ത ഈ അവസരത്തില്‍ തികച്ചും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
കൃത്യമായ നിയമനിര്‍മാണങ്ങളുടെ അഭാവമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് ഹേതുവായിത്തീരുന്നത്. ഇരകളായ സ്ത്രീകളുടെ നിയമപോരാട്ടങ്ങള്‍ കഴിഞ്ഞ് കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിനല്‍കാന്‍ കാലമേറെ പിടിക്കുന്നതും കല്ലുകടിയാണ്. ഇതുസംബന്ധമായി മാധ്യമങ്ങളുടെ കൊട്ടിഘോഷിക്കപ്പെടുന്ന ഇടപെടല്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ഒതുങ്ങുമ്പോള്‍ പിന്നെയും ദുരിതമേറ്റുവാങ്ങി ജീവിക്കേണ്ടി വരുന്നവരെ ശ്രദ്ധിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നോട്ട് വരണം. അതിനുള്ള നിയമനിര്‍മാണത്തിന് ജാഗ്രത പാലിക്കുകയാണ് പൗരന്‍മാരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാറുകളുടെ ബാധ്യത.