വിഴിഞ്ഞം കണ്ടെയ്‌നര്‍ ടെര്‍മിനലിന് പരിസ്ഥിതി അനുമതി ശുപാര്‍ശ

Posted on: December 4, 2013 8:26 am | Last updated: December 4, 2013 at 8:26 am

vizhinjam_693954gആഗോള ടെന്‍ഡര്‍ ഇന്ന്‌
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് വിദഗ്ധ സമിതിയുടെ ശിപാര്‍ശ. ഇതിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആഗോള ടെന്‍ഡര്‍ വിളിക്കല്‍ ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന് മന്ത്രി കെ ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് പരിസ്ഥിതിവകുപ്പിന് കീഴിലുള്ള ഒരു ബൃഹത് പദ്ധതിക്ക് അനുമതി ലഭിച്ചതിന്റെ പിറ്റേ ദിവസം ടെന്‍ഡര്‍ വിളിക്കല്‍ നടപടികള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തുറമുഖത്തിന്റെ നിര്‍മാണത്തിനുള്ള എന്‍ജിനീയറിംഗ് പ്രൊക്യുര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ (ഇ പി സി), കോണ്‍ട്രാക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള ക്വാളിഫിക്കേഷന്‍ റിക്വസ്റ്റ് (ആര്‍ എഫ് ക്യു), പദ്ധതിക്ക് വേണ്ടിയുള്ള സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള ആര്‍ എഫ് ക്യു എന്നിവയുടെ വിജ്ഞാപനവുമാണ് ഇന്ന് മുഖ്യമന്ത്രിയുടെ കോണ്‍ഫ്രറന്‍സ് ഹാളില്‍ നടക്കുക.
ഇന്ത്യയില്‍ തന്നെ ആദ്യമായി 18,000 ടി ഇ യു കപ്പല്‍ അടുപ്പിക്കുന്നതിനുള്ള സൗകര്യത്തോടുകൂടി രൂപകല്‍പ്പന ചെയ്തിട്ടുള്ള വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി നിക്ഷേപകര്‍ താത്പര്യം കാണിക്കുമെന്നാണ് കണക്കുകൂട്ടല്‍. അന്താരാഷ്ട്ര നിലവാരത്തില്‍ മത്സരിക്കേണ്ടിവരുന്ന പോര്‍ട്ടിന്, കബോട്ടാഷ് നിയമത്തില്‍ ഇളവ് വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.
മൂന്ന് ഘട്ടങ്ങളിലായാണ് തുറമുഖ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. 5000 കോടിയുടെ ആദ്യ ഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നാല് കൊല്ലം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ ക്രൂയിസ് ടെര്‍മിനലിന് 58 കോടിയും, മത്സ്യമേഖലയില്‍ 50 കോടിയുടെയും, ടൂറിസം മേഖലക്കായി 65 കോടിയുടെ പ്രത്യേക പാക്കേജുകളും അനുബന്ധമായി നടപ്പാക്കും. കബോട്ടാഷ് നിയമത്തില്‍ ഇളവുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാറിനെ സമീപിക്കും. പദ്ധതിയോടനുബന്ധിച്ചുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും ജലം എത്തിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി കേവലം 10-12 ഏക്കര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എട്ട് റിസോര്‍ട്ടുകളും ഉള്‍പ്പെടുന്നു. ഇത് പൊളിക്കാനുള്ള നോട്ടീസ് നല്‍കിക്കഴിഞ്ഞു.
ഒഴിപ്പിക്കലിനോടനുബന്ധിച്ച് ജീവനക്കാര്‍ക്കായി 1.46 കോടിയുടെ ആശ്വാസപാക്കേജും ഏര്‍പ്പെടുത്തും. വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ടെന്‍ഡറില്‍ വിദേശ കമ്പനികള്‍ ഉണ്ടെങ്കില്‍ വിദേശമന്ത്രാലയത്തിന്റെതടക്കമുള്ള അനുമതിയും ഇനി വേണം. പദ്ധതിനിര്‍മാണത്തിനും നടത്തിപ്പിനും കേന്ദ്ര സഹായം തേടുമെന്നും, തുകയുടെ 20 ശതമാനം കേന്ദ്രസര്‍ക്കാറില്‍ നിന്നും 1600 കോടി സംസ്ഥാന സര്‍ക്കാറില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.