Connect with us

National

തെലങ്കാന രൂപവത്കരണത്തിന് പ്രതിജ്ഞാബദ്ധം: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: തെലങ്കാന രൂപവത്കരണത്തിന് യു പി എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. നാളെ തുടങ്ങുന്ന ശൈത്യകാല സമ്മേളനത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരമാവധി സമയം ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇരു സഭകളിലും ലഭ്യമായ സമയം ഗുണപരമായും സൃഷ്ടിപരമായും ഉപയോഗിക്കാന്‍ എല്ലാവരും കഴിവിന്റെ പരമാവധി ശ്രമിക്കണം. സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുസഭകളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് അധികാരമുപയോഗിച്ച് സര്‍ക്കാര്‍ വേണ്ടത് ചെയ്യും. നിയമനടപടികള്‍ അനുസരിച്ചേ തെലങ്കാന രൂപവത്കരിക്കൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭയില്‍ അംഗങ്ങളുള്ള എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ചുരുങ്ങിയ കാലയളവില്‍ പാര്‍ട്ടികള്‍ ആശങ്ക രേഖപ്പെടുത്തി. വിവിധ പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 12 പ്രവൃത്തി ദിവസമേ ലഭിക്കുകയുള്ളൂ. തെലങ്കാന രൂപവത്കരണ ബില്‍ അവതരിപ്പിക്കാനും വിലക്കയറ്റത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും ബി ജെ പി ആവശ്യപ്പെട്ടു. തെലങ്കാന ബില്ലിനൊപ്പം ലോക്പാല്‍ ബില്ലും ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കണമെന്ന് ബി ജെ പി നേതാവ് സുഷമ സ്വരാജ് നിര്‍ദേശിച്ചു.
ക്രിസ്മസ് അവധിക്ക് ശേഷം പാര്‍ലിമെന്റ് സമ്മേളന ദിവസങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിരവധി പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിശാല ചര്‍ച്ചകള്‍ക്ക് ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും പാര്‍ലിമെന്ററികാര്യമന്ത്രി കമല്‍നാഥ് പറഞ്ഞു. സമ്മേളനത്തിന്റെ ആദ്യ സെഷനില്‍ വിലക്കയറ്റത്തെ സംബന്ധിച്ച് പ്രമേയം അവതരിപ്പിക്കുമെന്നും ഇതിന് എല്ലാ പാര്‍ട്ടികളുടെയും പിന്തുണ വേണമെന്നും സി പി ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു.