ആസിഡ് വില്‍പ്പന നിയന്ത്രണ നിയമം കൊണ്ടുവരണം

Posted on: December 4, 2013 12:18 am | Last updated: December 4, 2013 at 12:18 am

ന്യൂഡല്‍ഹി: അടുത്ത മാര്‍ച്ച് 31ന് മുമ്പ് ആസിഡ് ഉള്‍പ്പെടെയുള്ള മാരക വസ്തുക്കളുടെ വില്‍പ്പന നിയന്ത്രിക്കാനുള്ള നിയമം ആവിഷ്‌കരിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറുകളോട് നിര്‍ദേശിച്ചു. നിരാശാകാമുകന്‍മാര്‍ ഇത്തരം മാരക പദാര്‍ഥങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുദ്ദേശിച്ചാണ് കോടതിയുടെ ഈ നിര്‍ദേശം. ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആസിഡ് ആക്രമണത്തിന് ഇരകളായവര്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ സൗജന്യമായി നല്‍കുന്നത് സംബന്ധിച്ച് പ്രതികരണം അറിയിക്കാനും ചീഫ് സെക്രട്ടറിമാരോട് കോടതി നിര്‍ദേശിച്ചു. ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ രേഖപ്പെടുത്തുകയാണെങ്കില്‍ സംഭവസ്ഥലത്തെ ഉത്തരവാദപ്പെട്ടവര്‍ ആസിഡ് എങ്ങനെ ആക്രമിയുടെ കൈയിലെത്തിയെന്ന കാര്യം അന്വേഷിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.
ആസിഡ് ആക്രമണങ്ങളെ തടയാന്‍ നേരത്തെയും സുപ്രീം കോടതി ഇടപെട്ടിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ഇരകള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു അന്ന് കോടതി നിര്‍ദേശിച്ചത്. ഉത്തരവാദപ്പെട്ട അധികൃതര്‍ ഫോട്ടോയുള്ള അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ഇത്തരം വസ്തുക്കള്‍ വില്‍ക്കാന്‍ പാടുള്ളൂവെന്നും 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വില്‍ക്കാന്‍ പാടില്ലെന്നും അന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. 2006ല്‍ ആസിഡ് ആക്രമണത്തിനിരയായ ഡല്‍ഹി സ്വദേശിനി ലക്ഷ്മി നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇങ്ങനെ ഉത്തരവിട്ടത്.