Connect with us

Articles

വഖഫ് ബോര്‍ഡിന് ചെയ്യാനുള്ളത്

Published

|

Last Updated

ഭരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി മുസ്‌ലിം സമുദായത്തിന്റെ സര്‍വതോന്മുഖ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടി വഖ്ഫ് ബോര്‍ഡുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സച്ചാര്‍ കമ്മിറ്റി, വഖഫ് സ്വത്തുക്കളെപ്പറ്റി പഠിച്ച ജസ്റ്റിസ് റഹ്മാന്‍ ഖാന്റെ അധ്യക്ഷതയിലുള്ള സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റി, വഖ്ഫ് അന്വേഷണ സമിതി എന്നിവയെല്ലാം നിര്‍ദേശിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സ്വയംതൊഴില്‍, തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കല്‍, സാമ്പത്തിക ഉന്നമനം, വ്യക്തിത്വ വികാസത്തിലൂടെയുള്ള ശാക്തീകരണം എന്നീ മേഖലകളില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തുന്നതിന് അവ ആവശ്യപ്പെടുന്നുണ്ട്.
അര്‍പ്പണബോധത്തോടെയും ദൃഢനിശ്ചയത്തോടെയും കേരള വഖ്ഫ് ബോര്‍ഡിനെ ശരിയാംവണ്ണം സജ്ജമാക്കിയാല്‍, ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ബഹുമുഖമായ പ്രവര്‍ത്തനങ്ങളിലൂടെ, സമുദായത്തെ ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ നേടുന്നതിനുവേണ്ടി പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയും.
ഇതിനു വേണ്ടി ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തിക്കൊണ്ട് സര്‍ക്കാറിന്റെയും ഏജന്‍സികളുടെയും സഹായത്തോടെ ധനസമാഹരണം നടത്തുക, പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുക, മേല്‍നോട്ടം വഹിക്കുക ഇത്യാദി കാര്യങ്ങള്‍ നേരിട്ട് വഖ്ഫ് ബോര്‍ഡിന് ഏറ്റെടുക്കാവുന്നതാണ്. സര്‍ക്കാര്‍ അനുമതിയോടെ ധനസമാഹരണം നടത്തി ബോര്‍ഡിന് നേരിട്ട് ചില പദ്ധതികളും സ്‌കീമുകളും ഏറ്റെടുക്കാം. നിയമപരമായും ചിട്ടയായും കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടതിന്നും എല്ലാ സുപ്രധാന മേഖലകളിലേക്കും ഇതിന്റെ ഗുണഫലം എത്തിക്കുന്നതിനും ഈ രണ്ട് മാര്‍ഗങ്ങളും ചിലപ്പോള്‍ വിപുലപ്പെടുത്തേണ്ടി വന്നേക്കും. നിര്‍ഭാഗ്യവശാല്‍ ഈ വശങ്ങങ്ങള്‍ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇതിനു പല കാരണങ്ങളുമുണ്ട്.
മഹല്ലുകളുടെ ശാക്തീകരണത്തിനും അതിനെ സമുദായത്തിന്റെ ഗുണത്തിന് വേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഫലപ്രദമായ സംവിധാനമാക്കി രൂപപ്പെടുത്തുന്നതിനും ബോര്‍ഡ് തന്നെ മുന്‍കൈ എടുക്കേണ്ടതുണ്ട്. പ്രാഥമികമായി മഹല്ലുകളുടെ ശാക്തീകരണത്തിന് തുടക്കം കുറിക്കേണ്ടതുണ്ട്. ഒരോ പള്ളി നേതൃത്വത്തെയും അതിന്റെ മാനേജ്‌മെന്റിനെയും ജനാധിപത്യ രീതിയില്‍ പുനഃസംവിധാനിക്കണം. എങ്കില്‍ മാത്രമേ പാരമ്പര്യ രീതിയില്‍ നിന്ന് വ്യത്യസ്തമായി, സമുദായത്തിന്റെ നേതൃത്വം ഏറ്റെടുക്കാനും അതിനെ പുരോഗതിയിലേക്ക് നയിക്കാനും കാര്യക്ഷമമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടുപോകാനും കഴിവുറ്റ ഒരു ഏജന്‍സിയായി അവരെ മാറ്റിയെടുക്കാനും കഴിയൂ. സമുദായാംഗങ്ങള്‍ക്ക് പുരോഗതി ആര്‍ജിക്കുന്നതിനും കാര്യങ്ങള്‍ ലക്ഷ്യത്തില്‍ എത്തിക്കുന്നതിനും ആവശ്യമായ ഒരു സംവിധാനം മുസ്‌ലിം സമുദായത്തില്‍ വേണ്ടത്രയില്ല എന്നത് ഒരു വസ്തുതയാണ്. പല ഏജന്‍സികളും ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകള്‍, കേന്ദ്ര സര്‍ക്കാര്‍, മൗലാനാ എജ്യൂക്കേഷനല്‍ ട്രസ്റ്റ്, കേന്ദ്ര വഖ്ഫ് കൗണ്‍സില്‍, കേരള സര്‍ക്കാര്‍, ഇതര സംസ്ഥാന സര്‍ക്കാറുകള്‍, വഖ്ഫ് ബോര്‍ഡുകള്‍ എന്നിവയിലൂടെ ഏര്‍പ്പെടുത്തിയ സ്‌കീമുകളും പദ്ധതികളും സമുദായത്തിലെ ഏറ്റവും അര്‍ഹരായവരിലേക്ക് മഹല്ലുകളിലൂടെ എത്തിക്കുയും ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് അവബോധം വളര്‍ത്തുകയും ചെയ്യണം. കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ കാര്യ മന്ത്രാലയം, മൗലാനാ എജ്യൂക്കേഷനല്‍ ട്രസ്റ്റ്, കേന്ദ്ര വഖ്ഫ് കൗണ്‍സില്‍, കേരള സര്‍ക്കാര്‍, ഇതര സംസ്ഥാന സര്‍ക്കാറുകള്‍, വഖ്ഫ് ബോര്‍ഡുകള്‍ എന്നിവ ഏറ്റെടുത്ത് നടത്തുന്നതും വിവിധ ഏജന്‍സികള്‍ വഴി നടത്തപ്പെടുന്നതുമായ സംരംഭങ്ങള്‍ എന്നിവയൊക്കെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നതിലും പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിലും സംസ്ഥാന വഖഫ് ബോര്‍ഡിന് സുപ്രധാനമായ പങ്ക് വഹിക്കാനുണ്ട്. ഇതിനായി കേരള സര്‍ക്കാറിന്റെ സഹായത്തോടെ, വഖഫ് ബോര്‍ഡ് മഷിനറിയെ ശക്തിപ്പെടുത്തണം.
ദാരിദ്ര്യ നിര്‍മാര്‍ജനം ഇസ്‌ലാം നെഞ്ചോട് ചേര്‍ത്തുവെച്ച ലക്ഷ്യങ്ങളിലൊന്നാണ്. അതിനാല്‍, പഞ്ചായത്തുകളുടെയും സര്‍ക്കാറിന്റെയും മറ്റു ഏജന്‍സികളുടെയുമൊക്കെ ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികളുമായി സംയോജിപ്പിച്ചുകൊണ്ട്, സ്വയംതൊഴില്‍ പദ്ധതികളിലൂടെ അവ ഊര്‍ജിതപ്പെടുത്തി മുന്നേറണം. ഇസ്‌ലാമിക ബേങ്കുകളുമായും മറ്റു സാമ്പത്തിക സ്ഥാപനങ്ങളുമായും ഇവയെ ബന്ധപ്പിക്കേണ്ടതുമുണ്ട്. ദാരിദ്ര്യനിര്‍മാര്‍ജന കാര്യത്തില്‍ ഉള്ളടക്കത്തിലും പെരുമയിലും സാമ്പ്രദായിക ലഘു സാമ്പത്തിക സഹായ സംരംഭങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നതാണ് ഇസ്‌ലാമിക മൈക്രോഫിനാന്‍സിംഗ്. കാരണം അത് ദാനധര്‍മങ്ങളെ ആശ്രയിക്കാന്‍ നില്‍ക്കാതെ, പലിശയില്‍ അധിഷ്ഠിതമായ സാമ്പത്തിക സ്ഥാപനങ്ങളേക്കാളുപരി, ദരിദ്രരില്‍ ദരിദ്രരായ ആളുകളിലേക്ക് പലിശരഹിതവും വരുമാനം ലഭിക്കാവുന്നതുമായ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതിന്നുള്ള സഹായം ഒഴുകിയെത്തുന്നതിനു കളമൊരുക്കുന്നു.
അതിനാല്‍, ഇസ്‌ലാമിക മൈക്രോഫിനാന്‍സിംഗ് സ്ഥാപനങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിച്ചെടുക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്. അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ ദരിദ്രര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനങ്ങളുമായുള്ള ബന്ധം ഉണ്ടാക്കിയെടുത്താല്‍, അവരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിന് അത് കാരണമാക്കും. ഇങ്ങനെയൊരു ശീലം നിത്യ തൊഴിലെടുത്തു ജീവിക്കുന്നവരില്‍ ഒട്ടുമില്ലതാനും. നമ്മുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കിട്ടുന്നതിനു വേണ്ടിയുള്ള നയപരമായ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനൊഴികെ, എന്തിനുമേതിനും സര്‍ക്കാറിലേക്ക് ഉറ്റുനോക്കുന്ന ശീലം ഒട്ടും ശരിയല്ല. അവകാശങ്ങളേക്കാള്‍ എപ്പോഴും മുന്‍തൂക്കം കൊടുക്കേണ്ടത് ഉത്തരവാദിത്വ നിര്‍വഹണത്തിന് തന്നെയാണ്. സമുദായത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി നിലകൊള്ളുന്ന കേന്ദ്രമായിട്ട് ഓരോ പള്ളിയെയും മഹല്ലിനേയും രൂപപ്പെടുത്തിയെടുക്കാന്‍ ശക്തി പകര്‍ന്നു കൊടുക്കേണ്ടതും അതിനെ ശരിയായി വഴിതിരിച്ചു വിടേണ്ടതുമുണ്ട്
ദാരിദ്ര്യനിര്‍മാര്‍ജനം സ്വയംതൊഴില്‍, തുടങ്ങി സമുദായക്ഷേമത്തിന്നായി ആവിഷ്‌കരിക്കുന്ന പുതിയ സ്‌കീമുകളും പദ്ധതികളും ആസൂത്രണം ചെയ്യുന്നതിന്റെയും, നടപ്പാക്കുന്നതിന്റെയും അവക്ക് മേല്‍നോട്ടം വഹിക്കുന്നതിന്റെയും, ഓരോന്നിനെയും വിലയിരുത്തുന്നതിന്റെയും ഉത്തരവാദിത്വം മഹല്ലുകള്‍ ഏറ്റെടുക്കേണ്ടതാണ്. ഇതിനായി പ്രാദേശിക തലത്തില്‍ത്തന്നെ കഴിവിന്റെ പരമാവധി ധനസമാഹരണം നടത്തണം. സ്‌പോണ്‍സര്‍ഷിപ്പ്, ഇസ്‌ലാമിക ബേങ്കുകള്‍, മറ്റു സാമ്പത്തിക ഏജന്‍സികള്‍ തുടങ്ങി ലഭ്യമായ എല്ലാ സ്രോതസ്സുകളും ഉപയോഗിച്ചുകൊണ്ട് വിടവുകള്‍ പരമാവധി നികത്തണം. സ്‌കീമുകള്‍ ഫലവത്തായ രീതിയില്‍ നടപ്പാക്കുന്നതിന് വേണ്ട സാങ്കേതിക സഹായം, വിപണനം എന്നിവക്കുള്ള സൗകര്യങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. ഓരോ കുടുംബത്തിന്റെയും സാമൂഹിക, സാമ്പത്തിക, ആരോഗ്യ സ്ഥിതി വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഒരു സര്‍വേയുടെ അടിസ്ഥാനത്തില്‍ ശേഖരിച്ചു ചിട്ടപ്പെടുത്തിക്കൊണ്ട് ഒരു കമ്പ്യൂട്ടറൈസ്ഡ് ഡാറ്റാബേസ് ഓരോ മഹല്ലിലും ഉണ്ടാക്കണം. മാര്‍ഗദര്‍ശനാടിസ്ഥാനത്തില്‍ ഏതാനും മഹല്ലുകളില്‍ തുടങ്ങി, മറ്റെല്ലാ മഹല്ലുകളിലേക്കും വ്യാപിപ്പിക്കാവുന്നതാണ്. ഈ ആവശ്യത്തിന് ഐക്യരൂപമുള്ള ഒരു സോഫ്റ്റ് വെയര്‍ രൂപപ്പെടുത്തിയെടുക്കാം.
വഖ്ഫ് സ്വത്തുക്കള്‍ ശരിയായ രീതിയില്‍ സംരക്ഷിക്കുകയും കൈകാര്യം ചെയ്യുകയും കൂടുതല്‍ ഉത്പാദനക്ഷമമാക്കുകയും ചെയ്യേണ്ടതുണ്ട്. മേല്‍ വിധം ഉത്പാദിപ്പിക്കപ്പെടുന്ന വരുമാനത്തിന്റെ ഒരു വിഹിതം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള പദ്ധതികളും സ്‌കീമുകളും നടപ്പിലാക്കുന്നതിനു വേണ്ടി ഉപയോഗിക്കാവുന്നതാണ്.

 

---- facebook comment plugin here -----

Latest