രാഘവന്‍ മാസ്റ്റര്‍ക്ക് സ്മാരകം പണിയും: മുല്ലപ്പള്ളി

Posted on: December 4, 2013 12:05 am | Last updated: December 4, 2013 at 12:05 am

തലശ്ശേരി: സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്റര്‍ക്ക് തലശ്ശേരിയില്‍ സ്മാരകം പണിയുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി. മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രി കെ സി ജോസഫും ഇതിനുള്ള തുക സര്‍ക്കാര്‍ വഹിക്കുമെന്ന് ഉറപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു. രാഘവന്‍ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് തലശ്ശേരി ടൗണ്‍ ഹാളില്‍ നഗരസഭ സംഘടിപ്പിച്ച പരിപാടിയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെലിവിഷന്‍ ഷോകള്‍ കുട്ടികളില്‍ നല്ല ചിന്തകളൊന്നും വളര്‍ത്തുന്നില്ലെന്നും പണം മാത്രമാണ് പ്രധാനമെന്ന് ഉദ്‌ഘോഷിക്കുകയാണ് ചെയ്യുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഡോ. കെ ജെ യേശുദാസ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യേശുദാസ് രാഘവന്‍ മാസ്റ്ററുടെ പ്രിയപ്പെട്ട ചില ഗാനങ്ങള്‍ ആലപിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആമിനാ മാളിയേക്കല്‍, വി ടി മുരളി, കെ കെ മാരാര്‍ സംസാരിച്ചു. തുടര്‍ന്ന് ഗസല്‍ സന്ധ്യ നടന്നു. രാഘവന്‍ മാസ്റ്ററുടെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് യേശുദാസിന് നല്‍കി.