വില്ലക്ക് തീപിടിച്ച് മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

Posted on: December 3, 2013 6:44 pm | Last updated: December 3, 2013 at 11:25 pm

ras-al-khaymaറാസല്‍ഖൈമ: വില്ലക്ക് തീപിടിച്ച് മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ജൂലാനില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടടുത്താണ് അപകടം. തിരൂര്‍ കല്‍പകഞ്ചേരി പാറമ്മല്‍ അങ്ങാടിയിലെ ചന്ദനക്കാട്ടില്‍ ശിഹാബുദ്ദീന്‍ (30) മക്കള്‍ ഫിനാസ് (അഞ്ച്), മാജിദ (രണ്ട്) എന്നിവരാണ് മരിച്ചത്. ശിഹാബുദ്ദൂന്റെ ഭാര്യ അന്നാരചാത്തേരി വീട്ടില്‍ ഉമ്മുസല്‍മ (25) പൊള്ളലേറ്റ് ആശുപത്രിയിലാണ്. റാസല്‍ഖൈമയില്‍ നഴ്‌സറി വിദ്യാര്‍ഥിയാണ് ഫിനാസ്.

റാസല്‍ഖൈമയില്‍ വാന്‍ സെയില്‍സാണ് ശിഹാബുദ്ദീന്. വീടിനകത്ത് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നു. ഇതാണ് തീ ആളിപ്പടരാന്‍ കാരണമെന്ന് സംശയിക്കുന്നു. ആറ് വര്‍ഷമായി ശിഹാബുദ്ദീന്‍ റാസല്‍ഖൈമയിലുണ്ട്. ഭാര്യയും മക്കളും എത്തിയിട്ട് പത്ത് മാസമേ ആകുന്നുള്ളൂ. ഉമ്മുസല്‍മയുടെ പിതാവ് പി കെ മുഹമ്മദ് ദുബൈയില്‍ എം എം ഐയില്‍ ജോലി ചെയ്യുന്നു.
വില്ല ഭാഗികമായി കത്തിനശിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉമ്മുസല്‍മയെ അഗ്‌നിശമന സേനയാണ് ആശുപത്രിയിലെത്തിച്ചത്. ഇവര്‍ അപകടനില തരണം ചെയ്തതായി സഖര്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.