Connect with us

Malappuram

കാളികാവിന്റെ ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ക്ക് പുതുജീവനം പകരാന്‍ 'സെപ്റ്റ്'

Published

|

Last Updated

കാളികാവ്: നാല് ദശകത്തോളം പഴക്കമുള്ള കാളികാവിന്റെ ഫുട്‌ബോള്‍ പെരുമക്ക് പുതുജീവനം നല്‍കാന്‍ കാല്‍പന്ത് കളിയിലെ നൂതന പരിശീലന പദ്ധതിയായ സെപ്റ്റ് കോച്ചിങ് ക്യാമ്പ് മേഖലയിലും ഒരുങ്ങുന്നു.
മലയോരത്തെ കാല്‍പന്ത് കളിയുടെ തട്ടകമായ അമ്പലകുന്ന് മൈതാനിയില്‍ പരിശീലത്തിന്റെ മുന്നോടിയായി പുത്തന്‍ പ്രതിഭകളെ കണ്ടെത്തുന്നതിന്റെ പ്രാഥമിക നടപടി തുടങ്ങി. കഴിഞ്ഞ ദിവസം കുരുന്നുകാല്‍പന്ത് താരങ്ങളെ കണ്ടെത്താനായി നടന്ന സെലക്ഷനില്‍ നൂറോളം കുട്ടികളാണ് കാല്‍പന്ത് മികവുമായി ഒരു കൈ നോക്കാന്‍ കളി മൈതാനത്ത് ഒഴുകിയെത്തിയത്.
മെസിയുടെയും നെയ്മറുടെയമെല്ലാം ഫുട്‌ബോള്‍ മാസ്മരികത പകര്‍ത്താനെത്തിയ കുരുന്ന് താരങ്ങള്‍ സംഘാടകരേയും ആവേശത്തിലാക്കി. അറുപതുകളില്‍ കിഴക്കനേറനാട്ടില്‍ തുടങ്ങി സംസ്ഥാനതിര്‍ത്തിയും കടന്ന് അഞ്ചുവര്‍ഷം മുമ്പ് വരെ സജ്ജീവമായി നിലനില്‍കുന്ന കാളികാവിന്റെ കാല്‍പന്ത് പെരുമ ഇവിടെ വീണ്ടും തിരിച്ചുവരുമെന്ന സൂചനയാണ് കോച്ചിങ് ക്യാമ്പ് സെലക്ഷന് എത്തിയ കുഞ്ഞിളം കാല്‍പന്ത് കളിക്കാരുടെ നിറഞ്ഞ സാന്നിധ്യം വ്യക്തമാക്കിയത്.
കാളികാവിന്റെ പഴയ ഫുട്‌ബോള്‍ പൈതൃകം തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായാണ് മലയോര മേഖലയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ ഫ്രണ്ട്‌സ് ക്ലബ് കാളികാവില്‍ സെപ്‌ററ് ക്യാ്മ്പിന് ആതിഥേയത്വം വഹിക്കുന്നത്. 1960 ലായിരുന്നു കാളികാവില്‍ ആദ്യമായി ഒരു ഫുട്‌ബോള്‍ ക്ലബ് വരുന്നത്.
എസ് ആര്‍ ക്ലബ് എന്ന പോരിലാണ് ആദ്യത്തെ ഫുട്‌ബോള്‍ ടീം. പിന്നീട് അക്ബര്‍, മൈനേഴ്‌സ് എന്നീ ക്ലബുകള്‍ കൂടി രൂപവല്‍കരിക്കപ്പെട്ടു. സെവന്‍സും നയന്‍സുമായി കളി തകര്‍ത്തു. തങ്ങള്‍ നാണിപ്പ, പൊറ്റയില്‍ അബ്ദു, കുന്നുമ്മല്‍ ബാപുട്ടി, ശങ്കരന്‍, ഒ പി മൊയ്തീന്‍ കുട്ടി, പാണ്ടിക്കാടന്‍ മുഹമ്മദ്, എലിക്കോട്ടില്‍ ആലിപ്പ, കൂരി കുഞ്ഞാപ്പ, പാലത്തിങ്ങല്‍ നാണി, പൂന്താനത്ത് മഹമ്മദലി തുടങ്ങിയവരായിരുന്നു കാളികാവിന്റെ ആദ്യ തലുറയിലെ പ്രമുഖ ഫുട്‌ബോള്‍ താരങ്ങള്‍.
നാലാം തലമുറയിലെ താരങ്ങളായ കെ ടി അഷ്‌റഫ്, ഷാജി, നസീര്‍, മുജീബ് റഹമാന്‍, ശരീഫ്, രാജന്‍, ഷൗക്കത്തലി തുടങ്ങിയ കാളികാവ് കെ എഫ് സി ക്ലബിന്റെ കളിക്കാരിലൂടെയാണ് ഫുട്‌ബോളില്‍ കാളികാവിന്റെ പെരുമ ജില്ലക്ക് പുറത്തേക്കും തമിഴ്, കര്‍ണ്ണാടക ഉള്‍പ്പടെയുള്ള സെവന്‍സ് കളിക്കളങ്ങളിലും എത്തുന്നത്.
ഇതോടെ കാളികാവില്‍ ഫുട്‌ബോള്‍ ആസ്വാദകരും ഏറി. എന്നാല്‍ ഉപജീവനം തേടി ഗള്‍ഫിലേക്കുള്ള തള്ളിക്കയറ്റത്തില്‍ പല ഫുട്‌ബോള്‍ പ്രതിഭകളും നാട് വിട്ടതോടെ കാളികാവിന്റെ ഫുട്‌ബോള്‍ പെരുമക്കും മങ്ങലേറ്റു. സെപ്റ്റ് കോച്ചിങ് ക്യാമ്പിലൂടെ ഈ സ്ഥിതി വിശേഷം മാറ്റി കാളികാവിന്റെ ഫുട്‌ബോള്‍ തനിമ തിരികെ കൊണ്ടുവരാമെന്ന കണക്ക് കൂട്ടലിലാണ് ക്യാമ്പ് സംഘാടകര്‍. ഇപ്പോള്‍ പരിശീലനത്തിലെത്തിയ കുട്ടികളില്‍ നിന്നും 25 പേരെ കണ്ടെത്തും. ഇവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാനാണ് പരിപാടി.

 

---- facebook comment plugin here -----

Latest