Connect with us

Kerala

കോണ്‍ഗ്രസില്‍ ' ആഭ്യന്തര' യുദ്ധം ശക്തമാവുന്നു

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന കോണ്‍ഗ്രസില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ശക്തമായ പടയൊരുക്കം. കോഴിക്കോട് ജില്ലാ ജയിലില്‍ ടി പി വധക്കേസ് പ്രതികള്‍ യഥേഷ്ടം മൊബൈലും ഫേസ്ബുക്കും ഉപയോഗിച്ചത് പുറത്തുവന്നതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ രംഗത്തുവന്നത്. കെ സുധാകരന്‍ എം പിയാണ് ഇന്ന് രൂക്ഷമായി തിരുവഞ്ചൂരിനെ വിമര്‍ശിച്ചത്. ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന് ബാധ്യതയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. മന്ത്രി സ്വയം മാറി നില്‍ക്കണം. തിരുവഞ്ചൂര്‍ അല്‍പനാവരുത്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പരിഹാസ സ്വരത്തിലാണ് തിരുവഞ്ചൂര്‍ സംസാരിക്കുന്നത്. അല്‍പന് അര്‍ഥം കിട്ടിയതുപോലെ പെരുമാറരുത്. ടി പി വധക്കേസ് പി മോഹനന്‍ മാസ്റ്ററുടെ മുകളിലേക്ക് പോവാതിരിക്കാന്‍ തിരുവഞ്ചൂര്‍ അട്ടിമറിച്ചെന്നും കെ സുധാകരന്‍ പറഞ്ഞു.

ജയിലില്‍ പിക്‌നികിന് പോയ പോലെയാണ് പ്രതികളുടെ ജീവിതമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചട്ടലംഘനം ഉദ്യോഗസ്ഥരുടെ വന്‍വീഴ്ചയാണ്. ഒരു ജയില്‍ ഇങ്ങനെയാവാന്‍ പാടില്ല. കെ സുധാകരന്റെ ഭാഷയില്‍ താന്‍ സംസാരിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു.

നേരത്തെ മുതിര്‍ന്ന നേതാക്കളായ കെ മുരളീധരനും പന്തളം സുധാകരനും കെ പി സി സി വക്താവ് അജയ് തറയിലും തിരുവഞ്ചൂരിനെതിരെ രംഗത്തുവന്നിരുന്നു. തിരുവഞ്ചൂര്‍ മാറണമെന്നും ഈ പോക്ക് പോയാല്‍ യു ഡി എഫിന്റെ നില അപകടത്തിലാവുമെന്നും കെ മുരളീധരന്‍ പറഞ്ഞു. ജീവിതകാലം മുഴുവന്‍ ആഭ്യന്തരമന്ത്രിസ്ഥാനത്തില്‍ ഇരിക്കുമെന്നുള്ളതുപോലെയാണ് മന്ത്രി പെരുമാറുന്നതെന്ന് അജയ് തറയില്‍ കുറ്റപ്പെടുത്തി.

്അതേസമയം സുധാകരന് മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. താന്‍ പത്തരമാറ്റുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അല്‍പന്‍ ആരാണെന്ന് ജനം തീരുമാനിച്ചോളും. തന്റെ മകന്റെ വിവാഹദിവസം പോലും രാജിവെക്കണം എന്ന് ഈ പറയുന്നവരൊക്കെ മുറവിളി കൂട്ടി. ആ ദിവസം പോലും തന്നെ ഇവര്‍ വെറുതെ വിട്ടില്ല. അവര്‍ക്ക് ദൈവം പൊറുത്തുകൊടുക്കട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.