ബേഡകം: കുറ്റിക്കോല്‍ പയന്തങ്ങാനത്തെ മോഹനന്റെ ഭാര്യ ശ്രീകല(30)യെ ആത്മഹത്യക്ക് മുമ്പ് മൂന്നംഗ സംഘം ശാരീരികമായി ഉപദ്രവിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു.
യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് പുറമെ മര്‍ദിക്കുകയും ചെയ്തിരുന്നുവെന്ന ആരോപണം സംബന്ധിച്ച് ബേഡകം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
ബേത്തൂര്‍പാറ സ്വദേശികളായ യുവാക്കളാണ് ശ്രീകലയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുംവിധം മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതെന്നാണ് വിവരം. ശ്രീകലയുടെ സഹോദരന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. നവംബര്‍ 11ന് വൈകുന്നേരമാണ് ശ്രീകലയെ പയന്തങ്ങാനത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവംബര്‍ 11ന് പുലര്‍ച്ചെ ശ്രീകലയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഒരു യുവാവിനെ സദാചാര പോലീസ് ചമഞ്ഞ മൂന്നംഗ സംഘം മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ശ്രീകലയെയും ഇതേസംഘം ഉപദ്രവിച്ചിരുന്നുവെന്നാണ് പുതിയ ആരോപണം. യുവാക്കളുടെ അടിയേറ്റതും നാട്ടില്‍ അപവാദപ്രചരണം ഉയര്‍ന്നതുമൊക്കെ ശ്രീകലയുടെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നാണ് പോലീസ് നിഗമനം.
അതിനിടെ ശ്രീകലയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചും ഉത്തരവാദികളെ പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ടും നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ലെങ്കില്‍ പോലീസ്‌സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുളള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.