അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് വ്യവസായ എസ്റ്റേറ്റിലെ ഉപകരണങ്ങള്‍ നശിക്കുന്നു

Posted on: December 1, 2013 12:56 pm | Last updated: December 1, 2013 at 12:56 pm

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവാക്കി നിര്‍മിച്ച വ്യവസായ എസ്റ്റിമേറ്റിന്റെ യന്ത്രോപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമായി തുരുമ്പെടുത്തു നശിക്കുന്നു. മലയോരപ്രദേശമായ പരിയാപുരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കഴിഞ്ഞകാല ഭരണസമിതി ഫണ്ട് നീക്കിവെച്ച് സ്ഥലം വാങ്ങി നിര്‍മിച്ചതായിരുന്നു ഈ വ്യവസായ എസ്റ്റേറ്റ്.
വനിതാ തൊഴില്‍ സംരംഭങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത് നിര്‍മിച്ചത്. ഇതുപോലെ തന്നെയാണ് ഇവിടെയുള്ള ഐ ഡി സി പി സബ് സെന്ററിന്റെയും പ്രവര്‍ത്തനം. പരിയാപുരത്തെ മലയോര കുടിയേറ്റ കര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി തുടങ്ങിയ ഐ സി ഡി പി സബ്‌സെന്റര്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറിയെങ്കിലും നിലവില്‍ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് പരിയാപുരം ബ്രാഞ്ച് സി പി എം കമ്മിറ്റി കുറ്റപ്പെടുത്തി. സ്ഥലം സൗജന്യമായി നല്‍കിയ പള്ളി ഇടവകയെ പോലും അപമാനിക്കുന്ന രീതിയിലുള്ള രാഷ്ട്രീയ പകപോക്കലാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്നും സി പി എം ആരോപിച്ചു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സി പി എം പരിയാപുരം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം ഏഴിന് വൈകുന്നേരം നാലിന് പരിയാപുരം സ്‌കൂളിന് സമീപം സായാഹ്നധര്‍ണ നടത്തും.