Connect with us

International

ചൈനക്ക് വിവരങ്ങള്‍ കൈമാറണമെന്ന് അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍/ടോക്യോ: കിഴക്കന്‍ ചൈനാ കടലില്‍ ചൈന വ്യോമപ്രതിരോധ മേഖല തീര്‍ത്ത ദ്വീപിന് മുകളിലൂടെ സഞ്ചരിക്കുന്ന അമേരിക്കന്‍ ചരക്ക് വിമാനങ്ങളോട് ചൈനീസ് അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ അമേരിക്ക ഉപദേശിച്ചു. ഒരാഴ്ച മുമ്പാണ് ജപ്പാനുമായി അവകാശ തര്‍ക്കത്തിലുള്ള ദ്വീപിലും ചുറ്റുമുള്ള മേഖലയിലും ചൈന വ്യോമപ്രതിരോധ മേഖല തീര്‍ത്തത്. ഇത് പ്രകാരം ഈ റൂട്ടിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങള്‍ തങ്ങള്‍ക്ക് ക്യത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. വിമാനങ്ങളോട് വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചൈനയുടെ ആവശ്യത്തെ അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് സൂചനയില്ലെന്നും യു എസ് പറഞ്ഞു.
ചൈനയെ അറിയിക്കാതെ മേഖലയിലൂടെ സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് പ്രധാനപ്പെട്ട രണ്ട് വിമാനക്കമ്പനികള്‍ ജപ്പാന്‍ സര്‍ക്കാറിന് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് അമേരിക്ക വിമാന കമ്പനികളോട് ഇത്തരം ഒരു ഉപദേശം നല്‍കിയതെന്നത് ശ്രദ്ധേയമാണ്. ചൈനയുടെ ഏകപക്ഷീയമായ നടപടി കിഴക്കന്‍ ചൈനാ കടലിലെ തത്സ്ഥിതി തുടരുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മാറ്റം വരുത്തുമെന്നും തെറ്റായ കണക്കുകൂട്ടലുകള്‍ കാരണം ബുദ്ധിമുട്ടേറുകയും സംഘര്‍ഷത്തിനും അപകടത്തിനും കാരണമാകുകയും ചെയ്യുമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വ്യോമപ്രതിരോധ മേഖലാ പ്രഖ്യാപനം തള്ളി അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും ചൈനയെ അറിയിക്കാതെ കഴിഞ്ഞ ദിവസം മേഖലയിലൂടെ സൈനിക വിമാനങ്ങള്‍ പറത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ചൈന തര്‍ക്ക ദ്വീപിലേക്ക് പോര്‍വിമാനങ്ങളയച്ചിരുന്നു. തങ്ങളെ അറിയിക്കാതെ മേഖലയില്‍ പ്രവേശിക്കുന്ന വിമാനങ്ങള്‍ വെടിവെച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവ് യാംഗ് യുജുന്‍ പറഞ്ഞു.

Latest