Connect with us

International

ഗ്ലാസ്‌ഗോയില്‍ മദ്യശാലയില്‍ കോപ്റ്റര്‍ തകര്‍ന്നുവീണു; ആറ് മരണം

Published

|

Last Updated

ഗ്ലാസ്‌ഗോ: സ്‌കോട്ടിഷ് നഗരമായ ഗ്ലാസ്‌ഗോയിലെ തിരക്കേറിയ പബ്ബിലേക്ക് (മദ്യശാല) പോലീസ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ പ്രാദേശിക സമയം രാത്രി 10.30 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിലെ മേല്‍ക്കൂരയിലേക്ക് കോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരും പൈലറ്റും മരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കെട്ടിടത്തില്‍ രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ടെന്നും ഗുരുതര പരുക്കുകളോടെ 32 പേരെ ആശുപത്രിയിലാക്കിയിട്ടുണ്ടെന്നും രക്ഷാ പ്രവര്‍ത്തകരെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. കോപ്റ്റര്‍ തകരാനുള്ള കാരണം വ്യക്തമായിട്ടില്ല.
അപകട സമയം നൂറിലധികമാളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. തകര്‍ന്നു വീണ സ്ലാബുകള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അനുമാനം. സ്ലാബുകള്‍ നീക്കം ചെയ്യാനും മറ്റുമായി ആയിരത്തോളം രക്ഷാപ്രവര്‍ത്തകര്‍ ഗ്ലാസ്‌ഗോയിലെത്തിയിട്ടുണ്ടെന്ന് സ്‌കോട്ട്‌ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ അലെക്‌സ് സല്‍മോന്‍ഡ് വ്യക്തമാക്കി. സ്‌കോട്ട്‌ലാന്‍ഡ് പോലീസ് വിഭാഗത്തിന്റെ ഇ സി 135 ടി 2 എന്ന കോപ്റ്ററാണ് തകര്‍ന്നതെന്ന് പോലീസ് മേധാവികള്‍ സ്ഥിരീകരിച്ചു.