Connect with us

National

മോഡിയുടെ സാമ്പത്തിക ശാസ്ത്ര 'പാഠങ്ങളെ' വിമര്‍ശിച്ച് ചിദംബരം

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ സാമ്പത്തിക ശാസ്ത്ര “പാഠങ്ങളെ” രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി പി ചിദംബരം. ഇറക്കുമതി ചെയ്യുന്ന സ്വര്‍ണമാണ് പണപ്പെരുപ്പത്തിന് കാരണമാകുന്നതെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ വിവിധ തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനും ചിദംബരത്തിനുമെതിരെ മോഡി തുറന്നടിച്ചത്.
പുസ്തകജ്ഞാനം മാത്രം വെച്ച് ഇരുവരും രാജ്യത്തെ നശിപ്പിച്ചുവെന്ന് മോഡി വിമര്‍ശിച്ചു. തന്റെ സാമ്പത്തിക ശാസ്ത്രം ആവശ്യമില്ലെന്ന് പറയുന്ന പ്രധാനമന്ത്രിയും ചിദംബരവും എ ബി വാജ്‌പെയിയുടെയും നരസിംഹ റാവുവിന്റെയും ഭരണം കണ്ട് പഠിക്കണമെന്നും മോഡി ഉപദേശിച്ചു.
മോഡിയുടെ പ്രസ്താവനക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ചിദംബരം പ്രതികരിച്ചത്. മോഡി “പകര്‍ന്നു തന്ന” ചരിത്ര പാഠത്തിന് പിറകെയാണ് സാമ്പത്തിക ശാസ്ത്രത്തില്‍ അദ്ദേഹം പുതിയ ഉപദേശം നല്‍കുന്നതെന്ന് ചിദംബരം പരിഹസിച്ചു. ഇറക്കുമതി സ്വര്‍ണം പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. മോഡിയുടെ പുതിയ സാമ്പത്തിക ശാസ്ത്രപാഠങ്ങള്‍ സാമ്പത്തിക വിദഗ്ധര്‍ കുറിച്ച് വെക്കണം. മോഡിയെ പോലെ വിദ്യാഭ്യാസമുള്ളയാളല്ലെങ്കിലും ഇറക്കുമതി സ്വര്‍ണം പണപ്പെരുപ്പത്തിന് കാരണമാകില്ലെന്ന് അറിയാം. അദ്ദേഹം പറഞ്ഞു.