ധര്‍മവും നീതിയും ഐക്യബോധവും യു എ ഇയുടെ വിജയനിദാനം: കാന്തപുരം

Posted on: December 1, 2013 6:00 am | Last updated: November 30, 2013 at 11:47 pm

kanthapuram 2അബുദാബി: ധര്‍മവും നീതിയും ഐക്യബോധവുമാണ് യു എ ഇയുടെ വിജയ നിദാനമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സിറാജ് ചെയര്‍മാനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ഭിന്നത മനുഷ്യനെ നശിപ്പിക്കുകയും പരാജിതരാക്കുകയും ചെയ്യുമെന്ന ആശയം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിച്ചതിലൂടെയാണ് യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ രാഷ്ട്രത്തെ സര്‍വതോന്മുഖമായ പുരോഗതിയിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയത്. ധിഷണാപരമായ നേതൃത്വത്തിലൂടെ രാജ്യത്തെ ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്താന്‍ അദ്ദേഹത്തിനായി. രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ വികസന സങ്കല്‍പങ്ങളെ അന്വര്‍ഥമാക്കിയും പ്രാവര്‍ത്തികമാക്കിയുമാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, മറ്റു ഭരണാധികാരികളും നയിച്ചു കൊണ്ടിരിക്കുന്നത്.
പാവങ്ങളോടുള്ള കരുണയും സ്‌നേഹവും സഹിഷ്ണുതാപൂര്‍വവുമായ സമീപനമാണ് യു എ ഇയിലെ ഭരണാധികാരികള്‍ കൈക്കൊള്ളുന്നത്. അതുകൊണ്ടുതന്നെയാണ് ഇമാറാത്തിന്റെ ദേശീയദിനം സ്വദേശികള്‍ക്ക് മാത്രമല്ല, വിദേശികള്‍ക്കും ആഹ്ലാദ മുഹൂര്‍ത്തമാകുന്നത്. ഈ രാജ്യത്ത് വന്ന് തൊഴിലെടുത്തും ബിസിനസ് ചെയ്തും നുകര്‍ന്നെടുക്കുന്ന വിഭവങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവിടുത്തെ ഭരണാധികാരികളുടെ സഹായമെത്തുന്നു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിഭാവനം ചെയ്ത് യു എ ഇ റെഡ്ക്രസന്റ് നടപ്പാക്കിയ കിസ്‌വ പദ്ധതിയിലൂടെ കേരളത്തിലേക്ക് വരെ സഹായമെത്തി. കാരന്തൂര്‍ മര്‍കസിന്റെ ആഭിമുഖ്യത്തില്‍ പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് വസ്ത്രം വിതരണം ചെയ്യാനായി. ഇത്തരം സേവന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് കാലം കൊതിക്കുന്നതും കാതോര്‍ക്കുന്നതും – അദ്ദേഹം പറഞ്ഞു.
ഐക്യത്തിനു ഏറെ പ്രാധാന്യം കല്‍പിച്ച മതമാണ് ഇസ്‌ലാം. നൂറ്റാണ്ടുകളായി കൊല്ലും കൊലയുമായി കഴിഞ്ഞിരുന്ന ഔസ് – ഖസ്‌റജ് ഗോത്രങ്ങളെ ഒരുമിപ്പിച്ച മതമാണ് ഇസ്‌ലാം. വിട്ടുവീഴ്ചാ മനോഭാവം വളര്‍ത്തിയാണത് നേടിയത്. ഹംസ (റ) വിനെ കൊലപ്പെടുത്തിയ ഹിന്ദ് (റ) ക്ക് പോലും മാപ്പ് നല്‍കിയ മാതൃകയാണ് പ്രവാചകര്‍ സ്വീകരിച്ചത്. ഭിന്നിപ്പുണ്ടാക്കുന്നവര്‍ രാജ്യത്തിനും സമൂഹത്തിനും നാശം നല്‍കുന്നവരാണവര്‍. ധാര്‍മികതയിലൂന്നിയ വിദ്യാഭ്യാസത്തിലൂടെയും സച്ചരിരായ മുന്‍ഗാമികളെ അനുധാവനം ചെയ്തുമാണ് ഐക്യം ഉണ്ടാക്കേണ്ടത്. ഇത് വിവിധ വിഭാഗങ്ങള്‍ മുന്നോട്ടു വരണമെന്ന് കാന്തപുരം പറഞ്ഞു.