ശാസ്ത്രപ്രതിഭകളുടെ ഭാവി; ഗൗരവത്തോടെ ആലോചിക്കണമെന്ന് എം എല്‍ എ

Posted on: November 30, 2013 10:20 am | Last updated: November 30, 2013 at 10:20 am

കണ്ണൂര്‍: സ്‌കൂള്‍ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി മേളകളില്‍ കഴിവുതെളിയിച്ച വിദ്യാര്‍ഥി പ്രതിഭകള്‍ പിന്നീട് എവിടെ ചെന്നെത്തുന്നുവെന്ന് ഗൗരവത്തോടെ ആലോചിക്കണമെന്ന് എ പി അബ്ദുല്ലകുട്ടി എം എല്‍ എ ആവശ്യപ്പെട്ടു.
മേളകളില്‍ പ്രതിഭകളായി അംഗീകരിക്കപ്പെടുന്നവര്‍ക്ക് പിന്നീട് തുടര്‍ച്ച ലഭിക്കുന്നില്ലെന്ന് അബ്ദുല്ലകുട്ടി പറഞ്ഞു. നാലുദിവസം നീണ്ടുനിന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ അതിപ്രസരം ഏറെയുണ്ടെങ്കിലും മേളകള്‍ വിജയിപ്പിക്കാന്‍ കണ്ണൂര്‍ക്കാര്‍ ഒറ്റക്കെട്ടാണെന്ന് ശാസ്ത്രമേളയിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.നഗരസഭ ചെയര്‍പേഴ്‌സന്‍ റോഷ്‌നി ഖാലിദ് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കണ്ണൂര്‍ ഡി ഡി ഇ. സി ആര്‍ വിജയനുണ്ണിക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. എം എല്‍ എ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള ഉപഹാരം നല്‍കി. മേളകളില്‍ കൂറ്റന്‍ പന്തലൊരുക്കിയ കോഴിക്കോട് സ്വദേശി സി എ അബൂബക്കറേയും ആദരിച്ചു.