പിണറായി പാര്‍ട്ടി പിടച്ചടക്കിയെങ്കിലും താരം വി എസ് തന്നെ

Posted on: November 30, 2013 10:16 am | Last updated: November 30, 2013 at 10:16 am

പാലക്കാട്: സി പി എം സംസ്ഥാന പ്ലീനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ പൊതുയോഗത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പങ്കെടുത്തില്ല. അനാരോഗ്യമൂലമാണ് സമാപന ചടങ്ങില്‍നിന്ന് വി എസ് വിട്ടുനില്‍ക്കുന്നത്.
ഇന്നലെ രാവിലെ ഒമ്പതുമണിയോടെ വി എസ് തിരുവനന്തപുരത്തേക്ക് മടങ്ങി. പനി മൂലം വി എസ് ക്ഷീണിതനായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ഡോക്ടര്‍ വി എസിനെ പരിശോധിച്ചിരുന്നു. വിശ്രമം വേണമെന്ന ഡോക്ടറുടെ നിര്‍ദ്ദേശം പ്രകാരമാണ് വി എസ് തീരുവനന്തപുരത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
കഴിഞ്ഞദിവസം നടന്ന പൊതു ചര്‍ച്ചയില്‍ വി എസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ചില പ്രതിനിധികള്‍ ഉന്നയിച്ചത്. ലാവലിന്‍, ടി പി വധം തുടങ്ങിയ വിഷയങ്ങളില്‍ വി എസ് സ്വീകരിച്ച നിലപാട് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയതായും വിമര്‍ശനമുണ്ടായിരുന്നു. സംസ്ഥാന പ്ലീനത്തോടാനുബന്ധിച്ച് നതാക്കള്‍ ഭൂരിഭാഗവും പ്രവര്‍ത്തന ശൈലി മാറ്റണമെന്നാവശ്യപ്പെട്ട് ഒറ്റപ്പെടുത്തിയെങ്കിലും അതേ സമയം സമാപന സമ്മേളനത്തില്‍ ഇല്ലാതിരുന്നിട്ടും വി എസിന്റെ പേര് പറഞ്ഞപ്പോള്‍ അണികളുടെ ഇങ്ക്വിലാബ് വിളികള്‍ക്ക് മറ്റ് നേതാക്കളെ വരവേറ്റതിനെക്കാളും അധികം ശക്തി കൂടുതലായിരുന്നു.