സജാദും സവാദും സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ തിളങ്ങി വാഹനാപകടങ്ങള്‍ തടയാനുള്ള സാങ്കേതിക വിദ്യക്ക് അംഗീകാരം

Posted on: November 30, 2013 10:00 am | Last updated: November 30, 2013 at 10:13 am

കല്‍പറ്റ: വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10ാം തരം വിദ്യാര്‍ഥികളായ സജാദിനും സവാദിനും സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ എ ഗ്രേഡ്. വാഹനാപകടങ്ങള്‍ തടയാനും വേഗത മനസ്സിലാക്കാനും വഴി നിര്‍ണയിക്കാനുമുള്ള സാങ്കേതി വിദ്യ അവതരിപ്പിച്ചതിനാണ് ഇവര്‍ക്ക് അംഗീകാരം ലഭിച്ചത്. കവലികളില്‍ ജി.പി.എസ് ന്റെ സഹായത്തോടെ വെബ് കാമറകള്‍ സ്ഥാപിക്കുകയും ജങ്്ഷനുകള്‍ക്ക് തൊട്ടടുത്ത് ഹംബുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് ഇവര്‍ തയ്യാറായക്കിയ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ വര്‍ക്കിങ് മോഡല്‍ തെളിയിക്കുന്നു. ഹമ്പില്‍ വാഹനങ്ങള്‍ കയറുമ്പോള്‍ റോഡിന്റെ മറുവശത്ത് സിഗ്്‌നല്‍ ലൈറ്റുകള്‍ തെളിയുകയും അതിലൂടെ വാഹനം വരുന്നത് എതിര്‍വശത്തു നിന്ന് വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ മനസ്സിലാക്കുകയും ചെയ്യുന്നു. ഇതിലൂടെ അപകടമൊഴിവാക്കി വാഹനങ്ങള്‍ കടന്നുപോവാന്‍ സൗകര്യമൊരുക്കുന്നു. അതോടൊപ്പം വെബ് കാമറുകളുടെ സഹായത്തോടെ റെക്കോര്‍ഡ് ചെയ്യപ്പെടുന്ന വീഡിയോകള്‍ പ്രയോജനപ്പെടുത്തി വാഹനത്തിന്റെ വേഗത മനസ്സിലാക്കാനും സാധിക്കും. കാമറയില്‍ നിന്ന് പുറപ്പെടുന്ന വേഗത മനസ്സിലാക്കാനുള്ള ഡോപ്ലാര്‍ ഇഫക്റ്റ് എന്ന തരംഗത്തിന്റെ സഹായത്തോടെയാണ് ഇതു സാധ്യമാവുന്നത്. നിയമം അനുവദിച്ചതിലും കൂടുതല്‍ വേഗതയിലായാല്‍ ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്കു സന്ദേശം അയക്കുന്നതിനും ഇതിലൂടെ സംവിധാനമുണ്ട്. ജി.പി.എസിന്റെ സഹായത്തോടെ വാഹനം സ്ഥിതിചെയ്യുന്ന സ്ഥലം മനസ്സിലാക്കാനും അതിലൂടെ വഴിതെറ്റിയാല്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നല്‍കാനും സാങ്കേതിക വിദ്യ ഒരുക്കിയിട്ടുണ്ട്. വെള്ളമുണ്ട എട്ടേനാല്‍ കല്ലാച്ചി മൊയ്തുട്ടിയുടേയും സുബൈദയുടേയും മകനാണ് സജാദ്. കല്ലാച്ചി ആലി-നഫീസ ദമ്പതികളുടെ മകനാണ് സവാദ്.