Connect with us

Ongoing News

കൃഷ്ണഗിരി സ്റ്റേഡിയം ഉദ്ഘാടനം 10ന്‌

Published

|

Last Updated

കല്‍പ്പറ്റ: കേരള ക്രിക്കറ്റ് അസോസിയേഷന്‍ വയനാട്ടിലെ കൃഷ്ണഗിരിയില്‍ അഞ്ച് കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച സ്റ്റേഡിയം അടുത്ത മാസം 10ന് വൈകീട്ട് നാലിന് കേരള ഗവര്‍ണര്‍ നിഖില്‍കുമാര്‍ രാജ്യത്തിനു സമര്‍പ്പിക്കും. ഇതോടെ വയനാടിനും ലോക ക്രിക്കറ്റ് ഭൂപടത്തില്‍ ഇടമാകും.
സ്റ്റേഡിയം ഉദ്ഘാടനം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ സി എ). രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ക്കു പുറമേ സംസ്ഥാന മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, പി കെ ജയലക്ഷ്മി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, ചലച്ചിത്ര താരം മോഹന്‍ലാല്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് കെ എസി എ സംസ്ഥാന ട്രഷററും മുന്‍ പ്രസിഡന്റുമായ അഡ്വ. ടി ആര്‍ ബാലകൃഷ്ണന്‍, വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജഅ്ഫര്‍ സേട്ട്, സെക്രട്ടറി നാസര്‍ മച്ചാന്‍ എന്നിവര്‍ പറഞ്ഞു. സ്റ്റേഡിയം ഉദ്ഘാടനം വിളംബരം ചെയ്ത് ഏഴിന് വയനാട്ടില്‍ മോട്ടോര്‍ സൈക്കിള്‍ റോഡ്‌ഷോ നടത്തുമെന്ന് അവര്‍ അറിയിച്ചു. ജില്ലയുടെ മുക്കിലും മൂലയിലും എത്തുന്ന റോഡ്‌ഷോയില്‍ കുറഞ്ഞത് 500 മോട്ടോര്‍ സൈക്കിളുകള്‍ അണിനിരക്കും.
കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാതയില്‍ കൃഷ്ണഗിരി അങ്ങാടിയില്‍നിന്നു നൂറ് മീറ്റര്‍ അകലെ സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 2,800 അടി ഉയരത്തിലാണ കെ സി എയുടെ സ്വപ്‌നപദ്ധതിയായ ക്രിക്കറ്റ് സ്റ്റേഡിയം. 90 മീറ്ററാണ് ഇതിന്റെ വൃത്തപരിധി. രാജ്യത്തെ പ്രധാനപ്പെട്ടെ ടെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടുകളേക്കാള്‍ 20 മീറ്റര്‍ അധികംവരുമിത്. വടകരയില്‍ നിന്ന് കൊണ്ടുവന്ന കളിമണ്ണ് ഉപയോഗിച്ച് തയാറാക്കിയ അഞ്ച് പിച്ചുകളാണ് സ്റ്റേഡിയത്തില്‍. ഒരു തുള്ളിവെള്ളംപോലും ഗ്രൗണ്ടില്‍ കെട്ടിക്കിടക്കാന്‍ അനുവദിക്കാത്ത വിധത്തില്‍ ശാസ്ത്രീയമായാണ് ഡ്രൈനേജ് നിര്‍മിച്ചിരിക്കുന്നത്. മഴ പെയ്താല്‍ത്തന്നെ തോര്‍ന്ന് അരമണിക്കൂറിനകം കളി പുനഃരാരംഭിക്കാന്‍ കഴിയും. ക്രിക്കറ്റ് കളിക്ക് പ്രസിദ്ധമായ ന്യൂസിലാന്‍ഡിലും ദക്ഷിണ ആഫ്രിക്കയിലും പ്രചാരത്തിലുള്ളതുപോലുള്ള “നാച്വറല്‍ പവലിയനാണ്” കൃഷ്ണഗിരിയിലേത്. ഒരേസമയം 10,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യം ഉണ്ടാകും. 2006 ലാണ് സ്റ്റേഡിയത്തിനുവേണ്ടി കൃഷ്ണഗിരിയില്‍ സ്ഥലമെടുത്തത്.
ഭൂപ്രദേശ, കാലാവസ്ഥാ സവിശേഷതകളും പ്രകൃതിരമണീയതയും കൃഷ്ണഗിരിയിലെ സ്റ്റേഡിയത്തെ രാജ്യത്തെ മറ്റു ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമാക്കുന്നതാണെന്ന് സെക്രട്ടറി നാസര്‍ മച്ചാന്‍ പറഞ്ഞു. സ്റ്റേഡിയം കാണുന്നതുപോലും മനം കുളിര്‍പ്പിക്കുമെന്ന് പവലിയന്‍ രൂപകല്‍പന ചെയ്ത സിവില്‍ എന്‍ജിനീയറും അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ ജഅ്ഫര്‍ സേട്ട് അഭിപ്രായപ്പെട്ടു.
ദേശീയ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍, റോജര്‍ ബിന്നി, ശ്രീശാന്ത്, ചന്ദ്രകാന്ത് പണ്ഡിറ്റ് തുടങ്ങി ക്രിക്കറ്റ് രംഗത്തെ പ്രമുഖര്‍ ഇതിനകം കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഹിമാചലിലെ ധര്‍മശാലയിലേതു കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ക്രിക്കറ്റ് സ്റ്റേഡിയം കൃഷ്ണഗിരിയിലേതാണെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടതെന്ന് അഡ്വ. ടി ആര്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
ബി സി സി ഐയുടെ ആഭിമുഖ്യത്തില്‍ മുംബൈയും കേരളവുമായുള്ള ചതുര്‍ദിന മത്സരത്തിനു ഡിസംബര്‍ 28ന് കൃഷ്ണഗിരിയില്‍ തുടക്കമാകും. രഞ്ജി ക്രിക്കറ്റിന് വയനാട് ആതിഥ്യമരുളുന്ന കാലം ഏറെ അകലെയല്ലെന്ന് കെ സി എ ട്രഷറര്‍ പറഞ്ഞു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഉപകേന്ദ്രവും അചിരേണ കൃഷ്ണഗിരിയില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതിനായി സ്റ്റേഡിയത്തോടുചേര്‍ന്ന് 1.15 കോടി രൂപ വിലക്ക് ഒരേക്കര്‍ സ്ഥലം വാങ്ങിയതായി അദ്ദേഹം വെളിപ്പെടുത്തി.

Latest