ശാസ്ത്രമേളയില്‍ തൃശൂരിന് കിരീടം

Posted on: November 28, 2013 11:15 pm | Last updated: November 28, 2013 at 11:15 pm

sasthra mela 2013-knrകണ്ണൂര്‍: കണ്ണൂരില്‍ നടന്ന 47-ാമത് സംസ്ഥാന ശാസ്ത്ര മേളയുടെ മത്സര ഇനങ്ങള്‍ക്ക് സമാപനമായി. നാല് ദിവസം നീണ്ടുനിന്ന മത്സരത്തിനൊടുവില്‍ ചാമ്പ്യന്‍ പട്ടം തൃശൂര്‍ തിരിച്ചുപിടിച്ചു. ആറിടങ്ങളിലായി നടന്ന മേളയില്‍ 160 പോയിന്റ് കരസ്ഥമാക്കിയാണ് തൃശൂര്‍ ജില്ല കിരീടമുറപ്പിച്ചത്. 152 പോയിന്റ് നേടി കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. കൊല്ലം (146), കോഴിക്കോട് (144) ജില്ലകള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സാമൂഹിക ശാസ്ത്ര, ഗണിതശാസ്ത്ര മേളയില്‍ ഇക്കുറി കണ്ണൂര്‍ ജേതാക്കളായി. സാമൂഹിക ശാസ്ത്ര വിഭാഗത്തില്‍ 159 പോയിന്റോടെ കാസര്‍കോട് രണ്ടാം സ്ഥാനത്തും 149 പോയിന്റ് നേടി കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി. 140 പോയിന്റ് ലഭിച്ച തൃശൂരാണ് നാലാം സ്ഥാനത്ത്. ഗണിതശാസ്ത്ര മേളയില്‍ മലപ്പുറം ജില്ലക്കാണ് (293) രണ്ടാം സ്ഥാനം. പാലക്കാട് (291), കോഴിക്കോട് (290) ജില്ലകള്‍ മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പ്രവൃത്തി പരിചയമേളയില്‍ 49,175 മാര്‍ക്ക് നേടി കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 47,408 മാര്‍ക്കോടെ കണ്ണൂര്‍ രണ്ടാം സ്ഥാനത്തും, 45,040 മാര്‍ക്കോടെ കാസര്‍കോട് മൂന്നാം സ്ഥാനത്തുമെത്തി. 41,737 മാര്‍ക്ക് നേടിയ മലപ്പുറമാണ് നാലാം സ്ഥാനത്ത്.
സമ്മാനദാനം ഇന്ന് കണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. എ പി അബ്ദുല്ലക്കുട്ടി എം എല്‍ എയുടെ അധ്യക്ഷതയില്‍ മന്ത്രി കെ സി ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള സമ്മാന ദാനം നിര്‍വഹിക്കും.