Connect with us

Malappuram

പൊന്മുണ്ടം പ്രാഥമികാരോഗ്യ കേന്ദ്രം നവീകരണം എങ്ങുമെത്തിയില്ല

Published

|

Last Updated

കല്‍പകഞ്ചേരി: വൈലത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പൊന്മുണ്ടം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ ഇനിയും ആരംഭിച്ചില്ല. ഇക്കാരണത്താല്‍ ഇവിടെ എത്തുന്ന രോഗികള്‍ പ്രയാസത്തിലാണ്. സ്ഥല പരിമിതിയില്‍ വീര്‍പ്പ് മുട്ടുന്ന ഈ ആരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് ബോര്‍ഡ് യോഗം ഒരു വര്‍ഷം മുമ്പ് തീരുമാനിച്ചിരുന്നെങ്കിലും നടപടി എങ്ങും എത്തിയില്ല. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പി എച്ച് സിക്കായി സമീപത്തെ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടെ നിന്നും മാറ്റി ഒഴിവ് വരുന്ന മുറികള്‍ ആരോഗ്യ കേന്ദ്രത്തോട് കൂട്ടിച്ചേര്‍ത്ത് വിപുലീകരിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ താഴെ നിലയിലെ മധ്യ ഭാഗത്തെ ഇടുങ്ങിയ മുറിക്കുള്ളിലാണ് നിലവില്‍ ആരോഗ്യ കേന്ദ്രമുള്ളത്. നിന്ന് തിരിയാന്‍ പോലും ഇടമില്ലാത്ത ഇവിടെ രോഗികള്‍ക്ക് ഇരിക്കുന്നതിനോ അവശരായവര്‍ക്ക് കിടക്കുന്നതിനോ സൗകര്യമില്ല. ദിനം പ്രതി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 150 ലധികം രോഗികളാണ് ഈ ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കാറുള്ളത്.
വര്‍ഷങ്ങളായി ഈ ആരോഗ്യ കേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ സ്ഥപരിമിതിക്ക് പരിഹാരം കണ്ടെത്താന്‍ ഇനിയും മാറിമാറി വന്ന പഞ്ചായത്ത് ഭരണ സമിതികള്‍ക്ക് സാധിച്ചിട്ടില്ല. പരിശോധനക്കായി ഡോക്ടറുടെ സമീപത്ത് എത്താന്‍ ഊഴം കാത്ത് നില്‍ക്കുന്നവര്‍ വരാന്തയില്‍ ക്യൂവില്‍ നില്‍ക്കുന്നതോടെ പുറമെ നിന്നെത്തുന്നവര്‍ക്ക് ആരോഗ്യ കേന്ദ്രത്തിനകത്തേക്ക് കടക്കാന്‍ പ്രയാസമാണ്. ഇരിക്കാന്‍ പി എച്ച് സിക്കുള്ളില്‍ സൗകര്യമില്ലാത്തതിനാല്‍ കൈകുഞ്ഞുമായി എത്തുന്ന സ്ത്രീകളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ റോഡരികിലുള്ള ചെറിയ മതിലില്‍ ഇരിക്കുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണ്.

Latest