പ്ലീനത്തിനുമേല്‍ കരിനിഴലായി കരീമിനെതിരായ കോഴ വിവാദം

Posted on: November 28, 2013 8:16 am | Last updated: November 28, 2013 at 8:16 am

പാലക്കാട്: സിപിഎം സംസ്ഥാന പ്ലീനത്തിനുമേല്‍ എളമരം കരീമിന്റെ കോഴവാര്‍ത്ത കരിനിഴല്‍ വീഴ്ത്തി.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച സംഘടനാരേഖയില്‍ നേതാക്കളില്‍ പലര്‍ക്കും മുതലാളിത്ത വ്യതിയാനം സംഭവിച്ചുവെന്നും ഭൂമി -മണല്‍ മുതലാളിമാരായി ഇവര്‍ മാറിയെന്നുമുള്ള പരാമര്‍ശങ്ങള്‍ വന്നപ്പോള്‍ പല പ്രതിനിധികളും എളമരം കരീമിനെയാണ് തിരിഞ്ഞുനോക്കിയത്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേയല്ലെന്ന നിലയിലാണ് കരീം മറ്റുകാര്യങ്ങളില്‍ ശ്രദ്ധിച്ചതത്രെ. പ്ലീനം തുടങ്ങുന്ന നാള്‍തന്നെ ഭൂകമ്പംപോലെ എത്തിയ പത്രസമ്മേളന പ്രതിനിധികളായെത്തിയ നേതാക്കളിലും വലിയ ക്ഷീണമുണ്ടാക്കി.
പ്ലീനത്തിനെത്തിയവര്‍ ഇന്നലെ ഏറ്റവുമധികം ചര്‍ച്ച ചെയ്തത് സെക്രട്ടറി അവതരിപ്പിച്ച സംഘടനാരേഖയെക്കുറിച്ചായിരുന്നില്ല. ഇരുമ്പയിര് കോഴയെക്കുറിച്ചായിരുന്നു.
അതേസമയം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോട് കേന്ദ്രനേതാക്കളില്‍ ചിലരും പ്രകാശ് കാരാട്ട് അടക്കമുള്ളവരും ഇതുസംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞതായാണ് സൂചനകള്‍. ഇന്നത്തെ ചര്‍ച്ചാ സെഷനില്‍ പ്ലീനം പ്രതിനിധികള്‍ ഈ പ്രശ്‌നവും ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെടുമെന്നു തന്നെയാണ് അവസാനവട്ട സൂചനകള്‍. വി എസ് അച്യുതാനന്ദന് വീണുകിട്ടിയ വടിയായാണ് പുതിയ വിവാദം വിലയിരുത്തപ്പെടുന്നത്. ഒഴിഞ്ഞ ആവനാഴിയുമായി തിരുനവനന്തപുരത്തുനിന്നും വണ്ടികയറി എത്തിയ വി എസിന് എളമരത്തിനെതിരെ കിട്ടിയ വടി കച്ചിതുരുമ്പാണെന്നും വിലയിരുത്തപ്പെടുന്നു. ഏതായാലും പുത്തരിയില്‍ തന്നെ കല്ലുകടിച്ച മനസുമായാണ് പ്ലീനത്തിന്റെ ആദ്യനാള്‍ അവസാനിച്ചിരിക്കുന്നത്.