സംസ്ഥാന സ്‌കൂള്‍ കലാമേളയില്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും

Posted on: November 28, 2013 8:13 am | Last updated: November 28, 2013 at 8:13 am

കല്ലടിക്കോട്: പാലക്കാട്ട് നടക്കുന്ന 54 ാമത് സംസ്ഥാന സ്‌കൂള്‍ കലാമേളയില്‍ പാലക്കാടന്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാന്‍ സാംസ്‌കാരിക കമ്മിറ്റി തീരുമാനിച്ചു. ജനവരി 20 മുതല്‍ 24 വരെ എല്ലാദിവസവും വൈകുന്നേരം 5.30 മുതല്‍ രാത്രി 10 മണിവരെയാണ് പരിപാടികള്‍. സംഗീതം, സാഹിത്യം, കലകള്‍, കൃഷി, പരിസ്ഥിതി, നവോഥാന പൈതൃകം, പാലക്കാടന്‍ തനിമ, മാധ്യമ സെമിനാര്‍, സ്‌റ്റേജ് പരിപാടികള്‍ എന്നിവയുണ്ടാകും.
കലോത്സവത്തിന്റെ മുന്നോടിയായി ജനുവരി നാല് മുതല്‍ 15 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിളംബര സെമിനാറുകളും ചര്‍ച്ചകളും കലാപരിപാടികളും നടക്കും. പാലക്കാടന്‍ തനിമയുള്ള കലാ സാംസ്‌കാരിക സാഹിത്യനായകരെ വേദിയില്‍ ആദരിക്കും. കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റിയുടെ യോഗം ചെയര്‍മാന്‍ വി ടി ബല്‍റാം എം എല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം പി എസ് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റി കണ്‍വീനര്‍ സി എം മാത്യു, ഷാജു പുത്തൂര്‍, രാജഗോപാല്‍, അബ്ദുന്നാസര്‍ നിലമ്പൂര്‍, ഷെറി പോള്‍ പ്രസംഗിച്ചു.