Connect with us

Kerala

ജാതി,മത സംഘടനകളില്‍ ഭാരവാഹിത്വം സ്വീകരിച്ചാല്‍ അംഗത്വം നഷ്ടപ്പെടുമെന്ന് സി പി എം

Published

|

Last Updated

പാലക്കാട്: മതന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയോട് വേണ്ടത്ര അടുപ്പം കാണിക്കുന്നില്ലെന്നും ഇവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും സി പി എം പ്ലീനത്തില്‍ തീരുമാനം. പ്ലീനത്തിന്റെ പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മതന്യൂനപക്ഷങ്ങളുടെ പാര്‍ട്ടി അംഗത്വം ഇനിയും ഉയര്‍ത്തേണ്ടതുണ്ട്. 9. 56 ശതമാനം മുസ്‌ലിംകളും 10. 9 ശതമാനം ക്രിസ്ത്യാനികളും ആണ് ഇന്ന് പാര്‍ട്ടി അംഗങ്ങളായിട്ടുള്ളത്. ഇവര്‍ക്കിടയില്‍ പാര്‍ട്ടിക്ക് ശക്തമായ വേര് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായാണ് പുതിയ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതും. ജാതി,മത സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ ഇനി സി പി എം അംഗങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. അത്തരത്തിലുള്ളവരുടെ അംഗത്വം റദ്ദാക്കും. ആരാധനാലയങ്ങളുടെ ഭാരവാഹിത്വം ഏറ്റെടുക്കാന്‍ പാടില്ല. ഒരു കാലത്ത് ഉണ്ടായ വിഭാഗീയതയില്‍ നിന്നും പാര്‍ട്ടി ഒരുപാട് മോചനം നേടിയതായി അവകാശപ്പെട്ട അദ്ദേഹം കീഴ്ഘടകങ്ങളില്‍ ഇപ്പോഴും വിഭാഗീയത നടക്കുന്നുണ്ടെന്നും പറഞ്ഞു.
പാര്‍ട്ടി വിട്ടുപോയവരില്‍ ചിലര്‍ ശത്രുക്കളായി മാറി. എന്നാല്‍ ശത്രുക്കളല്ലാതെ വിട്ടുനില്‍ക്കുന്നവരെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരണം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, റിയല്‍ എസ്റ്റേറ്റ്, ബ്ലേഡ് ഇടപാടുകള്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മദ്യപാനം തെറ്റല്ലെന്ന ഒരു ചിന്താഗതി അംഗങ്ങള്‍ക്കിടയിലുണ്ട്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനം ഒരു തരത്തിലും അനുവദിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
അതേ സമയം സംഘടനാ ദൗര്‍ബല്യങ്ങള്‍ക്ക് കാരണം വിഭാഗീയതയാണെന്ന് സ്വാഗത പ്രസംഗത്തില്‍ എ കെ ബാലന്‍ പറഞ്ഞു. വിഭാഗീയതയുള്ള പാര്‍ട്ടിക്ക് അച്ചടക്കമില്ല. ശക്തമായ നേതൃത്വത്തിന് മാത്രമേ ഈ സാഹചര്യത്തോട് പെരുത്തപ്പെടാന്‍ കഴിയൂ. സംഘടനാ പ്രവര്‍ത്തനങ്ങളുടെ എക്‌സറെ പരിശോധനയാണ് പ്ലീനമെന്നും എ കെ ബാലന്‍ പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, സീതാറാം യെച്ചൂരി എന്നിവരും പങ്കെടുക്കുന്നുണ്ട്.
പിണറായി വിജയനാണ് സംഘടനാ രേഖ അവതരിപ്പിച്ചത്. ബ്രാഞ്ച് തലം മുതലുള്ള പാര്‍ട്ടി ഘടകങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയുള്ള റിപ്പോര്‍ട്ടാണ് പിണറായി അവതരിപ്പിച്ചത്. റിപ്പോ ര്‍ട്ടിന്‍ മേല്‍ ഏഴ് മണിക്കൂര്‍ ചര്‍ച്ചയും നടന്നു. 408 പ്രതിനിധികളാണ് പ്ലീനത്തില്‍ പങ്കെടുക്കുന്നത്.
ഇന്നലെ പത്ത് മണിയോടെ പ്ലീനത്തിന്റെ ചടങ്ങുകള്‍ തുടങ്ങി. കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി എസ് അച്യുതാനന്ദന്‍, എസ് രാമചന്ദ്രന്‍ പിള്ള, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, തോമസ് ഐസക്ക്, ഗുരുദാസന്‍, പാലൊളി മുഹമ്മദ്കുട്ടി, എളമരം കരീം, പി കെ ശ്രീമതി, എ കെ ബാലന്‍, ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉച്ചക്ക് 12.15 ഓടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. ഇന്നലെ സംഘടനാ റിപ്പോര്‍ട്ടും ഇതില്‍ ജില്ലാടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും നടന്നു. ഇന്ന് ജില്ലാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്ത് ഓരോത്തരുടെയും അഭിപ്രായം ക്രോഡികരിച്ചുള്ള റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയും പൊതു ചര്‍ച്ചയും നടക്കും. 30ന് 9.30ന് പിണറായി വിജയന്‍ ചര്‍ച്ചക്കുള്ള മറുപടി നല്‍കും.

Latest