Connect with us

Kozhikode

വിഘടിത ഭീകരതക്കെതിരെ എസ് എസ് എഫ് പ്രതിഷേധ റാലിയും പൊതുസമ്മേളനവും നാളെ

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുന്നി പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ചേളാരി വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ എസ് എസ് എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് റാലിയും പൊതുസമ്മേളനവും നടക്കും. പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഘടനാപരമായി എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെ ഏത് ഹീനമാര്‍ഗം ഉപയോഗിച്ചും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് ചേളാരി സമസ്ത നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മണ്ണാര്‍ക്കാട്ട് നടന്നത്. ഇതിനു മുമ്പ് മലപ്പുറം ജില്ലയിലെ എളങ്കൂരിലും കണ്ണൂരിലെ ഓണപ്പറമ്പിലും ഇവര്‍ കലാപം സൃഷ്ടിച്ചിരുന്നു. ഓണപ്പറമ്പില്‍ സ്വന്തം മതപാഠശാല അഗ്നിക്കിരയാക്കി സുന്നിപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനും ശ്രമമുണ്ടായി. എന്നാല്‍ അന്വേഷണത്തില്‍ മദ്‌റസക്ക് തീയിട്ടത് ഈ വിഭാഗത്തിന്റെ പ്രവര്‍ത്തകരാണെന്ന് കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു. സുന്നി പ്രവര്‍ത്തകരെ ലക്ഷ്യംവെച്ച് പാറാട്ട് ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ ഇപ്പോഴും ചികിത്സയിലാണ്. ഈ കേസുകളിലെല്ലാം അക്രമത്തെ ന്യായീകരിക്കുന്ന നിലപാടുകളും പ്രസ്താവനകളുമാണ് ചേളാരി സമസ്തയുടെ ഭാഗത്തു നിന്നുണ്ടായത്.
നേതൃത്വത്തിന്റെ അംഗീകാരത്തോടെയാണ് ഈ അക്രമങ്ങളെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. മണ്ണാര്‍ക്കാട്ടുണ്ടായ ഇരട്ടകൊലപാതകമുള്‍പ്പടെ സമീപകാലത്ത് സുന്നി പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് സഹായകമായ നിലപാടാണ് മുസ്‌ലിം ലീഗിന്റെ ഭാഗത്തുനിന്നുണ്ടായത്. നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സൗഹൃദവും സമാധാനവും തകര്‍ക്കുന്ന വിധ്വംസക ശക്തികളെ പിന്തുണക്കുന്നത് ജനാധിപത്യ പ്രസ്ഥാനത്തിന് ഭൂഷണമല്ല. അക്രമികള്‍ക്കെതിരായ കര്‍ക്കശ നിലപാടിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ലീഗ് നേതൃത്വം തയ്യാറാകണമെന്നുകൂടി ആവശ്യപ്പെട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം വൈകുന്നേരം അഞ്ച് മണിക്ക് എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ആമുഖപ്രഭാഷണം നടത്തും. സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, എന്‍ അലി അബ്ദുല്ല, പി എ മുഹമ്മദ് കുഞ്ഞി സഖാഫി, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, കെ അബ്ദുല്‍കലാം, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, മജീദ് അരിയല്ലൂര്‍, വള്ള്യാട് മുഹമ്മദലി സഖാഫി പ്രസംഗിക്കും. കെ കെ അഹമദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ത്വാഹാ സഖാഫി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, പ്രൊഫ എ കെ അബ്ദുല്‍ ഹമീദ്, വി എം കോയമാസ്റ്റര്‍, മജീദ് കക്കാട്, ടി കെ അബ്ദുറഹ്മാന്‍ ബാഖവി, ഇ യഅ്ഖൂബ് ഫൈസി, അബ്ദുറശീദ് സഖാഫി കുറ്റിയാടി, സി കെ റാഷിദ് ബുഖാരി, പി വി അഹമ്മദ് കബീര്‍ പങ്കെടുക്കും.
സമ്മേളനത്തിന് തുടക്കം കുറിച്ച് നാല് മണിക്ക് സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിക്കുന്ന റാലി പുതിയ ബസ് സ്റ്റാന്‍ഡ്, മാവൂര്‍ റോഡ്, മാനാഞ്ചിറ വഴി മുതലക്കുളത്ത് സമാപിക്കും. എസ് എസ് എഫ് ജില്ലാ ജന സെക്രട്ടറി മുഹമ്മദലി കിനാലൂര്‍, വൈസ് പ്രസിഡന്റ് അബ്ദുസമദ് സഖാഫി മായനാട്, ട്രഷറര്‍ സി പി ശഫീഖ് ബുഖാരി, സ്വാഗതസംഘം കണ്‍വീനര്‍ ഹാമിദലി സഖാഫി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest