Connect with us

Kozhikode

പ്രകൃതി നശിപ്പിക്കുന്നവര്‍ക്കെതിരെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനം കെട്ടിപ്പടുക്കണം: സെമിനാര്‍

Published

|

Last Updated

കുറ്റിയാടി: കുന്നുകള്‍ നമ്മുടെ പൈതൃക സ്വത്താണെന്നും അത് തകര്‍ക്കാന്‍ പഞ്ചായത്തുകള്‍ക്കോ ഖനി ഉടമകള്‍ക്കോ അവകാശമില്ലെന്നും മുതിര്‍ന്ന ഗാന്ധിയനും പരിസ്ഥിതി ചിന്തകനുമായ തായാട്ട് ബാലന്‍ പറഞ്ഞു. കോര്‍പറേറ്റ് ഭൂ മാഫിയകളില്‍ നിന്ന് നമ്മുടെ മലയോരങ്ങളെയും കര്‍ഷകരെയും രക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് പരിസ്ഥിതി സംരക്ഷണസമിതി കൈവേലിയില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടം കൂറ്റന്‍ ജലസംഭരണിയാണ്. കേരളത്തിലെ നദികളുടെയെല്ലാം ഉറവിടമാണിത്. പശ്ചിമഘട്ടത്തിന്റെ തകര്‍ച്ച കുടിവെള്ള ക്ഷാമത്തിനും കൃഷി നാശത്തിനും ഉരുള്‍പൊട്ടലിനും കാരണമായിത്തീരും. പ്രകൃതിയെയും മനുഷ്യനെയും ഇണക്കി ചേര്‍ത്തുകൊണ്ടുള്ള സുസ്ഥിര വികസനമാണ് വേണ്ടത്. പ്രകൃതി നശിപ്പിക്കുന്ന ശക്തികള്‍ക്കെതിരെ ജനങ്ങള്‍ സങ്കുചിത കക്ഷി രാഷ്ട്രീയത്തിനതീതമായ ചെറുത്തുനില്‍പ്പ ്പ്രസ്ഥാനം കെട്ടിപ്പടുക്കണമെന്നും സെമിനാര്‍ അഭ്യര്‍ഥിച്ചു. ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും മലയോര കര്‍ഷകരും എന്ന വിഷയം പരിസ്ഥിതി ചിന്തകന്‍ അഡ്വ. ഹരീവാസുദേവന്‍ അവതരിപ്പിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളി ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക മാത്രമാണ് പശ്ചിമഘട്ട സംരക്ഷണം ആഗ്രഹിക്കുന്ന സര്‍ക്കാറുകള്‍ ചെയ്യേണ്ടത്. കൃഷി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന നിര്‍ദേശം പാവങ്ങളുടെ പട്ടയത്തെ ബാധിക്കില്ല. ഭൂമി കൈയേറ്റക്കാരുടെയും ഖനി മാഫിയകളുടെയും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും ഉയര്‍ത്തിയ വിമര്‍ശനങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. രാഷ്ട്രീയ കക്ഷികളുടെ ലക്ഷ്യം വോട്ടുബേങ്ക് മാത്രമാണെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. വയനാട് പ്രകൃതി സംരക്ഷണസമിതി അംഗം തോമസ് അമ്പലവയല്‍, അഡ്വ. വിനോദ് പയ്യട, ഡോ. കെ എന്‍ അജോയ്കുമാര്‍, ഇ പി ശശി, സി വി കൃഷ്ണന്‍കുട്ടി, പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി സി കെ കരുണന്‍, സി പി കൃഷ്ണന്‍, വി എ ബാലന്‍, ഡല്‍ഹി കേളപ്പന്‍, മമ്മു മുള്ളമ്പത്ത്, കെ ചന്ദ്രന്‍ പ്രസംഗിച്ചു.

Latest