Connect with us

Sports

ഓടിച്ചാടി...റെക്കോര്‍ഡ്‌

Published

|

Last Updated

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മൂന്നാം ദിവസം ഏറ്റവും വാശിയേറിയ പോരാട്ടം കണ്ട ഹര്‍ഡില്‍സ് മത്സരങ്ങളില്‍ റെക്കോര്‍ഡ് പ്രളയം. ഇന്നലെ ആറിനങ്ങളില്‍ മെഡല്‍ തീരുമാനമായപ്പോള്‍ നാലിനങ്ങളില്‍ ഏഴു പേര്‍ നിലവിലെ മീറ്റ് റെക്കോഡ് മറികടന്നു. ഇതില്‍ നാലു പേരുടെത് ദേശീയ റെക്കോഡിനെ വെല്ലുന്ന പ്രകനവും.
സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹഡില്‍സില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയവരും നിലവിലെ ദേശീയ റെക്കോഡ് മറികടന്ന പ്രകടനം കാഴ്ചവെച്ചു. ഈയിനത്തില്‍ സ്വര്‍ണ്ണം നേടിയ കോതമംഗലം സെന്റ് ജോര്‍ജ് എച്ച് എസിലെ നസീമുദ്ദീന്‍ തന്നെ കഴിഞ്ഞ തവണ കുറിച്ച 14.89 സെക്കന്‍ഡിന്റെ ദേശീയറെക്കോര്‍ഡാണ് മൂവരും മറികടന്നത്.
നസീമുദ്ദീന്‍ 14.17 സെക്കന്‍ഡില്‍ ഒന്നാമതെത്തിയപ്പോള്‍ വെള്ളി നേടിയ തൃശൂര്‍ സായിയിലെ മെയ്‌മോന്‍ പൗലോസ് 14.45 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കി.
കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നസീമുദ്ദീന്‍ സ്ഥാപിച്ച 15.53 സെക്കന്‍ഡിന്റെ മീറ്റ് റെക്കോഡ് ഇതോടെ പഴങ്കതയായി. വെങ്കലം നേടിയ സെന്റ് ജോര്‍ജ് എച്ച് എസിലെ തന്നെ ഇ ബി അനസ് ബാബു 14.67 സെക്കന്‍ഡിലാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ 100മീറ്റര്‍ ഹഡില്‍സില്‍ സ്വര്‍ണ്ണം നേടിയ ഇടുക്കി വണ്ണപ്പുറം എസ് എന്‍ എം എച്ച് എസിലെ ടി എസ് ആര്യയും(15.41സെക്കന്‍ഡ്) വെള്ളി നേടിയ കോട്ടയം കുറുമ്പനാടം സെനന്റ് പീറ്റേഴ്‌സ് എച്ച് എസ് എസിലെ സൗമ്യ വര്‍ഗീസും ആര്യ തന്നെ കഴിഞ്ഞ തവണ തിരുവനന്തപുരത്ത് സ്ഥാപിച്ച 14.70 സെക്കന്‍ഡിന്റെ മീറ്റ് റെക്കോഡ് മറികടന്നു. കൊല്ലം സി എസ് എച്ചിലെ അലീന വിന്‍സെന്റിനാണ് (15.89സെക്കന്‍ഡ്)ഈയിനത്തില്‍ വെങ്കലം.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 100മീറ്റര്‍ ഹഡില്‍സില്‍ കോട്ടയം ഭരണങ്ങാനം എസ് എച്ച് ജി എച്ച് എസിലെ ഡിബി സെബാസ്റ്റ്യന്‍ തന്റെ തന്നെ പേരിലുള്ള ദേശീയ റെക്കോഡ് മറികടക്കുന്ന പ്രകനടത്തോടെ സ്വര്‍ണ്ണം നേടി. 2012ലെ സ്‌കൂള്‍ മീറ്റില്‍ സൗമ്യ വര്‍ഗീസ് സ്ഥാപിച്ച 15.04 സെക്കന്‍ഡിന്റെ മീറ്റ് റെക്കോഡ് തകര്‍ത്ത ഡിബി 14.93 സെക്കന്‍ഡ് കൊണ്ടാണ് മത്സരം പൂര്‍ത്തിയാക്കിയത് 14.94 സെക്കന്‍ഡാണ് ഈയിനത്തില്‍ ഡിബിയുടെ പേരിലുള്ള ദേശീയ റെക്കോഡ്.
ഡിബിയുടെ സബപാടി എന്‍ പി സംഗീതക്കാണ് വെള്ളി(15.07 സെക്കന്‍ഡ്). കോതമംഗലം സെന്റ് ജോര്‍ജ് എച്ച് എസിലെ വിനിത ബാബു(15.14സെക്കന്‍ഡ്) വെങ്കലം നേടി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 100മീറ്റര്‍ ഹഡില്‍സില്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച് എസിലെ അനിലാഷ് ബാലന്‍(13.95സെക്കന്‍ഡ്) സ്വര്‍ണ്ണം നേടി. മലപ്പുറം തവനൂര്‍ കെ എം ജി വി എച്ച് എസ് എസിലെ മുഹമ്മദ് സല്‍മാനാണ്(13.96സെക്കന്‍ഡ്) ഈയിനത്തില്‍ വെള്ളി. പാലക്കാടി കുമരംപുത്തൂര്‍ കെ എച്ച് എസിലെ അല്‍ബിന്‍ ബാബു(14.10സെക്കന്‍ഡ്) മൂന്നാംസ്ഥാനത്തെത്തി.
സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുല്ലൂരാംപാറ സെന്റ്‌ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 8-ാം ക്ലാസ് വിദ്യാര്‍ഥിനി അപര്‍ണ റോയ് സ്വര്‍ണം നേടി.
ഈയിനത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച് എസിലെ മുംതാസ് സി എസ്(13.19സെക്കന്‍ഡ്) വെള്ളിയും ഭരണങ്ങാനം എസ് എച്ച് ജി എച്ച് എസിലെ അജിനി അശോകന്‍(13.74സെക്കന്‍ഡ്) വെങ്കലവും നേടി.
സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ ഡി സുധീഷിനാണ് സ്വര്‍ണം.
കോഴിക്കോട് സായി താരം ആകാശ് ബി ജു പീറ്റര്‍(12.35സെക്കന്‍ഡ്) വെള്ളിയും തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സിലെ അമിനേഷ് എന്‍(12.51 സെക്കന്‍ഡ്) വെങ്കലവും നേടി. കല്ലേലി മേട്ടില്‍ തലവച്ചപാറ വീട്ടില്‍ ധര്‍മന്‍- പൊന്നമ്മ ദമ്പതികളുടെ മകനായ സുധീഷ് തുടര്‍ന്ന് നടന്ന 600 മീറ്റര്‍ ഓട്ടത്തിലും സ്വര്‍ണം കരസ്ഥമാക്കി.

Latest