സി പി എം സംസ്ഥാന പ്ലീനത്തിന് പതാക ഉയര്‍ന്നു

Posted on: November 26, 2013 6:14 pm | Last updated: November 27, 2013 at 12:02 am

cpm pleenamപാലക്കാട്: പാലക്കാട് നടക്കുന്ന സി പി എം സംസ്ഥാന പ്ലീനത്തിന് സമ്മേളന നഗറില്‍ പതാകയുയര്‍ന്നു. മുതിര്‍ന്ന സി പി എം നേതാവ് ടി ശിവദാസമേനോന്‍ പതാകയുയര്‍ത്തി. രക്തസാക്ഷി കുടീരങ്ങളില്‍നിന്ന് നിരവധിപേരുടെ അകമ്പടിയോടെ കൊണ്ടുവന്ന പതാക, കൊടിമര, ദീപശിഖ ജാഥകള്‍ വൈകീട്ട് അഞ്ച് മണിയോടെ സമ്മേളന നഗരിയില്‍ സമ്മേളിച്ചു. തുടര്‍ന്നാണ് പതാകയുയര്‍ത്തിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പി കെ ഗുരുദാസന്‍, പി കരുണാകരന്‍ എം പി, എ കെ ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബുധനാഴ്ച രാവിലെ പത്തിന് ഇ എം എസ് നഗറില്‍ (പാലക്കാട് ടൗണ്‍ഹാള്‍) പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധിസമ്മേളനം ആരംഭിക്കും. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.

സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍ പിള്ള എന്നിവരുള്‍പ്പടെ ആറ് പി ബി അംഗങ്ങളും 87 സംസ്ഥാന കമ്മിറ്റി അംഗങ്ങളും 202 ഏരിയാ സെക്രട്ടറിമാരുമടങ്ങുന്ന 408 പ്രതിനിധികളുമാണ് പ്ലീനത്തില്‍ പങ്കെടുക്കുക. 29ന് ബഹുജന റാലിയില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും.