സുല്‍ത്താന്‍ ബത്തേരിയില്‍ ട്രാഫിക് പരിഷ്‌കാരം ഇന്നു മുതല്‍

Posted on: November 25, 2013 1:08 pm | Last updated: November 25, 2013 at 1:08 pm

സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങളുള്ള സുല്‍ത്താന്‍ ബത്തേരി ടൗണിലെ പകുതി ഭാഗം റോഡുകളില്‍ വണ്‍വെ സിസ്റ്റം ഏര്‍പ്പെടുത്തിയുള്ള ട്രാഫിക് പരിഷ്‌കാരം ഇന്നു മുതല്‍ നടപ്പില്‍ വരും. ഗതാഗതക്കുരുക്കിന് ഈ പരിഷ്‌ക്കാരങ്ങള്‍ നല്ലൊരളവില്‍ പരിഹാരമാകും. അസപ്ഷന്‍ ജംഗ്ഷന്‍ തൊട്ട് ടൗണിലെ തിരക്കേറിയ ട്രാഫിക് ജംഗ്ഷന്‍ വരെ വാഹനങ്ങള്‍ പടിഞ്ഞാറ് ഭാഗത്തേക്കും, ട്രാഫിക് ജംഗ്ഷന്‍, ഗാന്ധി ജംഗ്ഷന്‍, റഹീം മെേേമ്മാറിയല്‍ റോഡ് വഴി അസംപ്ഷന്‍ വരെയുള്ള ഭാഗത്ത് കിഴക്ക് ദിശയിലേക്കും വാഹനങ്ങള്‍ വണ്‍വേയായിട്ടാണ് ഓടുക. പഴം പച്ചക്കറി മാര്‍ക്കറ്റിന് സമീപമുള്ള ബസ് സ്റ്റോപ്പ് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാറും. കല്‍പക ഹോട്ടലിന് മുന്നിലുണ്ടായിരുന്ന ബസ് സ്‌റ്റോപ്പ് ചുങ്കത്തേക്കും മാറും.
ഇതോടെ ടൗണിലെ ദേശീയപാതയില്‍ ഉണ്ടാവുന്ന ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാകും. ചുങ്കം ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും ഇനി ട്രാഫിക് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ഗാന്ധി ജംഗ്ഷന്‍ വഴി റഹീം മെമ്മോറിയല്‍ റോഡിലൂടെ പോകണം. കോഴിക്കോട് ഭാഗത്തേക്കുള്ള ദീര്‍ഘ ദൂര ബസ്സുകളും വാഹനങ്ങളും ദേശീയ പാതയിലൂടെ നേരെ പോയിരുന്നത് നിര്‍ത്തലാക്കി. പഞ്ചായത്ത് ഓഫീസിന് മുന്നിലുണ്ടായിരുന്ന കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ്പും ഒഴിവാക്കി. ഈ ബസ്സുകള്‍ അസംപ്ഷന്‍ ജംഗ്ഷനിലെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റണം. മൂന്ന് മിനിറ്റ് മാത്രമെ ബസ്സുകള്‍ ഇവിടെ നിര്‍ത്താന്‍ പാടുള്ളൂ. കല്ലുവയല്‍ റോഡില്‍ നിന്ന് വരുന്ന ഒരു വാഹനവും പഴയ ബസ് സ്റ്റാന്റ് വഴി റോഡില്‍ പ്രവേശിക്കാന്‍ പാടില്ല. റഹീം മെമ്മോറിയല്‍ റോഡ് വഴി അല്ലാതെ ഈ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മെയിന്‍ റോഡില്‍ പ്രവേശിക്കാനാവില്ല.
കോഴിക്കോട്- കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസ്സുകള്‍ ചുങ്കം സ്‌റ്റോപ്പില്‍ നിര്‍ത്തി ആളെ എടുക്കണം. ഈ സ്റ്റോപ്പില്‍ ബസ്സുകള്‍ രണ്ട് മിനിറ്റ് നിര്‍ത്താന്‍ പാടുള്ളൂ. ടൗണിലെ റോഡരുകില്‍ വാഹനങ്ങള്‍ രണ്ട് മിനിറ്റില്‍ കൂടുതല്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. കൂടുതല്‍ സമയം ടൗണില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പിഴയും ഈടാക്കും. പഴയ ബസ് സ്റ്റാന്‍ഡിന് മുന്നിലെ ഓട്ടോ റിക്ഷകള്‍ ഇനി മുഖം തിരിച്ചിടണം. പോസ്‌റ്റോഫീസിന് മുന്നിലെ ജീപ്പ് സ്റ്റാന്‍ഡില്‍ അഞ്ചു ജീപ്പുകളെ നിര്‍ത്താവൂ. ഇവ റോഡിന് സമാന്തരമായി നിര്‍ത്തിയിടണം. മൈസൂര്‍ റോഡിലെ കോട്ടക്കുന്നിലുള്ള ബസ് സ്‌റ്റോപ്പ് കുറച്ചു കൂടി മാറ്റി സ്ഥാപിക്കും. ഇവിടെയുള്ള ട്രാക്‌റുകളും മാറ്റിയിടണം. നാല് ചക്ര ഓട്ടോറിക്ഷകള്‍ കരുണ ആശുപത്രിക്ക് സമീപവും ഗാന്ധി ജംഗ്ഷനിലെ സ്റ്റാന്‍ഡിലും പാര്‍ക്ക് ചെയ്യണം. റഹീം മമ്മോറിയല്‍ റോഡില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചു. ട്രാഫിക് പരിഷ്‌കാരം വരുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും.