തുല്യതാ വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പരിവര്‍ത്തനം നടക്കുന്നു: എം വി ശ്രേയാംസ്‌കുമാര്‍

Posted on: November 25, 2013 1:06 pm | Last updated: November 25, 2013 at 1:06 pm

കല്‍പറ്റ: സാക്ഷരതാമിഷന്റെ തുടര്‍വിദ്യാഭ്യാസത്തിലൂടെ സമൂഹത്തില്‍ സാമൂഹിക പരിവര്‍ത്തനം നടക്കുന്നുവെന്ന് എം.എല്‍.എ. ശ്രേയാംസ്‌കുമാര്‍. പഠിക്കുക എന്നത് മന:ശക്തി പകരുന്ന ഒന്നാണെന്നും വയനാട്ടിലെ എല്ലാവര്‍ക്കും ഇത് സാധ്യമാകണമെന്നും സാക്ഷരതാ പ്രസ്ഥാനം ഇത്തരത്തില്‍ ബഹുദൂരം പിന്നിട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്താംതരം തുല്യത എട്ടാം ബാച്ചിന്റെ ജില്ലാതല ഉദ്ഘാടനം പഠിതാവിന് പുസ്തകം നല്‍കി നിര്‍വ്വഹിച്ചു.
പത്താം തരം തുല്യത ഏഴാം ബാച്ച് ഉന്നതവിജയം നേടിയ മുഹമ്മദ് റിയാസിനെ ജില്ലാപഞ്ചായത്ത് അംഗം എന്‍ കെ റഷീദ് ആദരിച്ചു. തുടര്‍വിദ്യാഭ്യാസ കലോത്സവം കൂടുതല്‍ പോയിന്റ് നേടിയവര്‍ക്കുള്ള സമ്മാനദാനം സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. ഗീത സജീവ് നിര്‍വഹിച്ചു. തുടര്‍ വിദ്യാഭ്യാസ കലോത്സവം കൂടുതല്‍ പോയിന്റ് നേടിയ പഞ്ചായത്തിനുള്ള ഉപഹാരം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ടി ഹംസ വിതരണം ചെയ്തു. പത്താംതരം തുല്യത കൂടുതല്‍ പഠിതാക്കളെ രജിസ്ടര്‍ ചെയ്ത പ്രേരകിനുള്ള ഉപഹാരം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ വിതരണം ചെയ്തു. അക്ഷരകൈരളി പ്രചരണ കാമ്പയില്‍ കെ എം റഷീദ് (സംസ്ഥാന സാക്ഷരതാ മിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം) നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, കൗണ്‍സിലര്‍മാരായ എം കെ ശിവന്‍, ആഇശ പള്ളിയാല്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ കെഅയ്യപ്പന്‍ നായര്‍, വാസന്തി പിവി , വി എം അബൂബക്കര്‍, സൗമ്യ പി വി , ഡയറ്റ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. പി ലക്ഷ്മണന്‍, ചന്ദ്രന്‍ കിനാത്തി, എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ സ്വാഗതവും അസി. കോ-ഓര്‍ഡിനേറ്റര്‍ പി വിശാസ്ത പ്രസാദ് നന്ദിയും പറഞ്ഞു.