നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; 12 കിലോ സ്വര്‍ണം പിടികൂടി

Posted on: November 25, 2013 12:40 am | Last updated: November 25, 2013 at 12:40 am

gold_bars_01നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 12 കിലോ സ്വര്‍ണം പിടികൂടി. ഇന്നലെ രാവിലെ കൊളമ്പോയില്‍ നിന്നെത്തിയ രണ്ട് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങളിലെ 57 യാത്രക്കാരില്‍ നിന്നാണ് 12 കിലോയിലധികം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്.
42 സ്ത്രീകളും 15 പുരുഷന്‍മാരുമടങ്ങുന്ന യാത്രക്കാരില്‍ നിന്നാണ് അനധികൃത സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ പിടിയിലായ ശ്രീലങ്കന്‍ യാത്രക്കാര്‍ തെക്കേ വിമാനത്താവളങ്ങള്‍ വഴി നിരവധി പ്രാവശ്യം സഞ്ചരിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ആറ് പ്രാവശ്യം ഇവര്‍ കൊച്ചി ഉള്‍പ്പെടെയുള്ള എയര്‍പോര്‍ട്ടുകള്‍ വഴി യാത്ര ചെയ്തിട്ടുണ്ട്. കൊളമ്പോയില്‍ നിന്നും സ്വര്‍ണവുമായി കൊച്ചിയിലെത്തുന്ന ഈ സംഘം വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് ചെന്നൈയില്‍ എത്തി സ്വര്‍ണം കൈമാറുന്നതിനാണ് പദ്ധതിയിട്ടിരുന്നത്.
തുടര്‍ന്ന് ചെന്നൈയില്‍ നിന്നും ശ്രീലങ്കയിലെ തുണി കച്ചവടക്കാര്‍ക്കും മറ്റുമായി തുണികള്‍ വാങ്ങി ഇന്ന് വൈകിട്ട് മടങ്ങുന്നതിനുമായിരുന്നു ഇവര്‍ പ്ലാന്‍ ചെയ്തിരുന്നത്.
നികുതിയടക്കാതെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കൊണ്ടുവന്നതിന് രണ്ടാം പ്രാവശ്യമാണ് ശ്രീലങ്കന്‍ യാത്രക്കാരെ പിടികൂടുന്നത്.
ദുബൈയില്‍ നിന്ന് ലഭിക്കുന്ന സ്വര്‍ണമാണ് ഇതെന്ന് സംശയിക്കുന്നു. രാവിലെ 9.55 ന് എത്തിയ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ 28 സ്ത്രീകളും 14 പുരുഷന്‍മാരും അടങ്ങുന്ന യാത്രക്കാരില്‍ നിന്ന് 10 കിലോ സ്വര്‍ണവും വൈകിട്ട് 3.55ന് എത്തിയ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 14 സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന യാത്രക്കാരില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണവുമാണ് പിടികൂടിയത്.
കസ്റ്റംസ് കമ്മിഷണര്‍ കെ എല്‍ രാഘവന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ എസ് എ എസ് നവാസ്, സൂപ്രണ്ടുമാരായ അജിത്കുമാര്‍, കെ എസ് ബിജുമോന്‍, ഇ വി ശിവരാമന്‍, കെ എക്‌സ് ലാഫി ജോസഫ്, ചിഞ്ചുരാമന്‍, ജിമ്മി ജോസഫ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.