എന്നും കല്ലേറും സമരവും നടത്തുന്ന സംസ്ഥാനമായി കേരളം മാറി: മന്ത്രി കെ വി തോമസ്

Posted on: November 24, 2013 7:12 am | Last updated: November 24, 2013 at 7:12 am

കോഴിക്കോട്: വികസന രംഗത്ത് ഏറെ സാധ്യതയുള്ള കേരളത്തില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം വിഘാതമാകുന്നതായി കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ വി തോമസ്. ദേശീയപാതയുടെ വീതി 45 മീറ്ററാക്കണോ എന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയാണ്. വീതി മുപ്പത് മീറ്റര്‍ മതിയെന്നാണ് പരിസ്ഥിതി വാദികള്‍ അളന്നുമുറിച്ച് പറയുന്നത്. മലനിരകളും പുഴകളും തടാകങ്ങളുമെല്ലാം സംരക്ഷിക്കപ്പെടേണ്ടതാണ്. എന്നാല്‍ വികസനവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കണമെന്നും തോമസ് പറഞ്ഞു. ഹോട്ടല്‍ താജ് ഗേറ്റ്‌വേയില്‍ നടന്ന കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഉത്തരമേഖലാ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം രംഗത്ത് സംസ്ഥാനത്തിന് ഏറെ പ്രതീക്ഷയുണ്ട്. എന്നാല്‍ എന്നും കല്ലേറും സമരവും നടത്തുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. എന്തിനെയും അന്ധമായി എതിര്‍ക്കുന്ന മനോഭാവം മലയാളികളുടെ മനസ്സില്‍ നിന്ന് മാറേണ്ടതുണ്ട്. മാധ്യമങ്ങള്‍ പരസ്പരം വെട്ടിവീഴ്ത്തുന്ന മത്സരങ്ങള്‍ നടത്താതെ അല്‍പ്പമെങ്കിലും അന്തസ്സും പക്വതയും കാണിക്കണമെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു. കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ കെ എന്‍ മര്‍സൂക്ക് അധ്യക്ഷനായിരുന്നു.